പിഎഫ് പലിശ ഇന്ന് അക്കൗണ്ടുകളിലെത്തും
കോഴിക്കോട്: ഇപിഎഫ് വരിക്കാര്‍ക്ക് സന്തോഷവാര്‍ത്ത. പുതുവര്‍ഷ സമ്മാനമായി 2019-20 സാമ്പത്തിക വര്‍ഷത്തെ 8.5 ശതമാനം പലിശ ഇന്ന് വരിക്കാരുടെ ഇപിഎഫ് അക്കൗണ്ടുകളിലെത്തും. ആറ് കോടിയിലധികം അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യാന്‍ ആരംഭിച്ചതായി മുതിര്‍ന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് പലിശ വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള നിര്‍ദേശം ഇപിഎഫ്ഒയ്ക്ക് തൊഴില്‍ മന്ത്രാലയം ഇതിനകം അയച്ചിട്ടുണ്ടെന്നും ഇതുപ്രകാരം പലിശ ക്രെഡിറ്റ് ചെയ്യാന്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുകൂടാതെ എല്ലാ അംഗങ്ങള്‍ക്കും 8.5 ശതമാനം പലിശ നിരക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും തൊഴില്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമേ 2019-20 ലെ 0.35 ശതമാനം പലിശ അടയ്ക്കുന്നതിനുള്ള പ്രക്രിയയും പൂര്‍ത്തിയായി.
7 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈ വര്‍ഷത്തെ പലിശ. കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി പലിശ ഇതിലും കുറയ്ക്കാന്‍ ധനമന്ത്രാലയം സമ്മര്‍ദം ചെലുത്തിയിരുന്നു. 8.5 ശതമാനം പലിശയില്‍ 8.15 ശതമാനം ആദ്യവും 0.35 ശതമാനം എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിന്നുള്ള വരുമാനം കണക്കിലെടുത്ത് പിന്നീടും നല്‍കാനാണ് ട്രസ്റ്റി ബോര്‍ഡ് സെപ്റ്റംബറില്‍ തീരുമാനിച്ചത്. ഇടിഎഫ് വരുമാനം പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ലഭിച്ചതാണ് 8.5 ശതമാനം ഒരുമിച്ചുനല്‍കാനുള്ള നീക്കത്തിന് കാരണം.