കോഴിക്കോട്: ടാറ്റ എലക്‌സിയുടെ സഹായത്തോടെയുള്ള ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് കോളാബോറേഷന്‍ ലാബ് (ഇ-ട്രാക് ലാബ്) കോഴിക്കോട് എന്‍ ഐ ടി യില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇലക്ട്രിക്ക് വാഹനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും എന്‍ ഐ ടി സി യിലെ വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും പ്രാപ്തരാക്കുക, ഗവേഷണ ഫലമായുള്ള പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ വ്യവസായ വികസനത്തിന് ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-ട്രാക് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്.കോഴിക്കോട് എന്‍ഐടിയിലെ സെന്റര്‍ ഫോര്‍ ഇലക്ട്രിക് വെഹിക്കിള്‍ എഞ്ചിനീയറിംഗും (സിഇവിഇ) ടാറ്റ എലക്‌സി പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ഒരു സുപ്രധാന സംയുക്ത സംരംഭമായ റിസര്‍ച്ച് ലാബ് ഇലക്ട്രിക് വാഹന ഗവേഷണത്തിലും നവീകരണത്തിലും ഒരു നാഴികക്കല്ലായിരിക്കും.
എന്‍ഐടിസി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, ടാറ്റ എലക്‌സിയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റും മേധാവിയുമായ ഷാജു എസ്. എന്നിവര്‍ സംയുക്തമായി ലാബ് ഉദ്ഘാടനം ചെയ്തു.ഇതുവരെയായി ഒരു വ്യവസായ സ്ഥാപനം എന്‍ഐടിസിയില്‍ നടത്തിയ ഏറ്റവും വലിയ നിക്ഷേപമാണ് ടാറ്റ എലക്‌സി നടത്തിയതെന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ഗതാഗതത്തിന്റെ ഭാവിയായ ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതരംഗത്തും മറ്റുരംഗങ്ങളിലും ബാറ്ററികള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലേക്ക് ഗവേഷണം വ്യാപിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
എന്‍ഐടിസിയും കെല്‍ട്രോണ്‍ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള പുതിയ സഹകരണ സംരംഭത്തിനും ഈ പരിപാടി സാക്ഷ്യം വഹിച്ചു. ഇലക്ട്രിക് വാഹനരംഗങ്ങളില്‍ കൂടുതല്‍ സഹകരണത്തിനായി കെല്‍ട്രോണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി കോഴിക്കോട് എന്‍ഐടി ഒരു ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിന്റെ വ്യാവസായിക ഭൂപ്രകൃതിയില്‍ പ്രധാന പങ്കുവഹിക്കുന്ന കെല്‍ട്രോണ്‍ കോംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡുമായുള്ള പങ്കാളിത്തം സെന്റര്‍ ഫോര്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ എഞ്ചിനീറിംഗിന്റെ ഇലക്ട്രിക്ക് വാഹന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയാകും.
എന്‍ഐടിസി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണയും കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കൃഷ്ണകുമാര്‍ കെ. ജി.യും ധാരണാപത്രം കൈമാറി. വൈദ്യുത വാഹനവുമായി ബന്ധപ്പെട്ട ഗവേഷണം ഉള്‍പ്പെടെ ബഹുമുഖ മേഖലകളിലെ സഹകരണ ഗവേഷണത്തിന് ധാരണാപത്രം ഊന്നല്‍ നല്‍കും.എന്‍ഐടിസിയും ടാറ്റ എല്‍ക്‌സിയും തമ്മിലുള്ള സഹകരണം ഭാവിയിലേക്കുള്ള സുസ്ഥിരമായ ഗതാഗത പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ്.
ലാബ് പ്രവര്‍ത്തനം ആദ്യഘട്ടത്തിലാണെന്നും നിലവില്‍ ലാബില്‍ ഇന്‍വെര്‍ട്ടറുകളും മോട്ടോറുകളും പരിശോധിക്കാനും പവര്‍ ഇലക്ട്രോണിക് സംവിധാനങ്ങളുടെ രൂപകല്‍പ്പനക്കും വികസനത്തിനുമുള്ള ഗവേഷണങ്ങള്‍ക്കും സൗകര്യമുണ്ടെന്നും ഷാജു പറഞ്ഞു. ഗതാഗതത്തിനായുള്ള പരിസ്ഥിതി സൗഹൃദ പരിഹാരങ്ങളിലും ഭാവി ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിലും ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകളില്‍ ഗവേഷണത്തിനും വികസനത്തിനും നേതൃത്വം നല്‍കുന്നതിനായി സ്ഥാപിതമായ സി വി ഇ വി യില്‍ നിലവില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 42 അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ?2.3 കോടി മൂല്യമുള്ള ആറ് പ്രോജക്ടുകളുടെ മേല്‍നോട്ടവും സി വി ഇ വി വഹിക്കുന്നു. പേറ്റന്റുകള്‍ വികസിപ്പിക്കുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുന്നതിനും ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) സാങ്കേതികവിദ്യയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.
ടാറ്റ എലക്‌സി കോഴിക്കോട് മേധാവി ശരത് എം നായര്‍, എന്‍ ഐ ടിസി ഡീന്‍ (റിസര്‍ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി പ്രൊഫ. എന്‍ സന്ധ്യാറാണി, ഡീന്‍ (പ്ലാനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ്) പ്രൊഫ. പ്രിയ ചന്ദ്രന്‍, സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രി-ഇന്‍സ്റ്റിറ്റിയൂഷണല്‍ റിലേഷന്‍സ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജോസ് മാത്യു, സിഇവിഇ ഉപദേശകന്‍ ഷിലേന്‍ സഗുണന്‍, സിഇവിഇ ചെയര്‍പേഴ്‌സണ്‍മാരായ ഡോ.നിഖില്‍ ശശിധരന്‍, ഡോ. ശ്രീലക്ഷ്മി എം.പി എന്നിവരും സംസാരിച്ചു.