ന്യൂഡല്‍ഹി: മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണ് പുരോഗമിക്കുകയാണ്. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്ത്യന്‍ റെയില്‍വേയുടെ തലവര മാറ്റിമറിക്കാനാകുന്ന ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കുക. ബുള്ളറ്റ് ട്രെയിന്‍ മണിക്കൂറില്‍ പരമാവധി 320 കിലോമീറ്റര്‍ വേഗതയിലാകും സഞ്ചരിക്കുക. ഇതോടെ യാത്രാ സമയം രണ്ടുമണിക്കൂറായി കുറയും.
മുംബൈയില്‍ നിന്ന് ആരംഭിച്ച് താനെ, വിരാര്‍, ബോയ്സര്‍, വാപി, ബിലിമോറ, സുററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നീ പത്ത് സ്റ്റേഷനുകള്‍ പിന്നിട്ട് സബര്‍മതിയില്‍ എത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍
റെയില്‍വേ 35 ബുള്ളറ്റ് ട്രെയിനുകള്‍ പാളത്തിലെത്തിക്കും. പ്രതിദിനം 70 സര്‍വീസുകള്‍ നടത്താനാണ് നിലവിലെ തീരുമാനം. പ്രതിവര്‍ഷം 1.6 കോടി യാത്രക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ ഉപയോഗിക്കുമെന്നാണ് നിഗമനം.
2050 ഓടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മറ്റൊരു ഘട്ടത്തിലേക്ക് എത്തും. പ്രതിദിനം 105 സര്‍വീസുകളെങ്കിലും കുറഞ്ഞത് നടത്തും. ജപ്പാന്‍ സാങ്കേതിക വിദ്യയായ ഷിന്‍കാന്‍സെന്‍ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതിച്ചെലവ്. പദ്ധതിക്കായുള്ള 10,000 കോടി രൂപ കേന്ദ്രം നല്‍കുമ്പോള്‍ ഗുജറാത്ത് - മഹാരാഷ്ട്ര സര്‍ക്കാരുകള്‍ 5,000 കോടി രൂപ വീതം വഹിക്കണം. ശേഷിക്കുന്ന തുക ജപ്പാനില്‍ നിന്ന് വായ്പയായി സ്വീകരിക്കും.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) കഴിഞ്ഞ ദിവസം കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു. പദ്ധതിക്കുള്ള അത്യാധുനിക യന്ത്രങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട അധികൃതര്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് യന്ത്രവല്‍കൃത ട്രാക്ക് സ്ഥാപിക്കല്‍ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. പദ്ധതിക്ക് ഉപയോഗിക്കുന്ന ചില യന്ത്രങ്ങള്‍ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ നിര്‍മിക്കുന്നതാണ്. 35,000 മെട്രിക് ടണ്‍ ജെഐഎസ് റെയിലുകളും മൂന്ന് സെറ്റ് ട്രാക്ക് നിര്‍മാണ യന്ത്രങ്ങളും ലഭിച്ചതായി എന്‍എച്ച്എസ്ആര്‍സിഎല്‍ ട്വീറ്റ് ചെയ്തു.സൂററ്റിലും വഡോദരയിലും 35,000 മെട്രിക് ടണ്‍ റെയിലുകള്‍ വിതരണം ചെയ്തതോടെ ഗുജറാത്തില്‍ ട്രാക്ക് സ്ഥാപിക്കുന്നത് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.