തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രതിരോധം തീര്‍ത്ത് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. അഴിമതിയും സഹകരണകൊള്ളയും ഉയര്‍ത്തിയാണ് യുഡിഎഫിന്റെ പ്രതിഷേധം. ഉപരോധത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍ എന്നീ ഭാഗങ്ങളില്‍ വന്‍ ഗതാഗത കുരുക്ക്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനെയും പൊലീസ് തടഞ്ഞു. ഉപദേഷ്ടാവെന്ന് മാധ്യമപ്രര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് എം സി ദത്തനെ പൊലീസ് കടത്തിവിട്ടത്. ബാരിക്കേഡ് കടത്തി വിട്ട ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ദത്തന്‍ തട്ടി കയറി.
കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം കൊടുക്കാന്‍ കാശില്ലാത്തപ്പോഴാണ് ആയിരം വാഹനങ്ങളുടെ അകമ്പടിയില്‍ മുഖ്യമന്ത്രി യാത്ര നടത്തുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പടെ മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഉപരോധ സമരത്തിനെത്തിയിട്ടുണ്ട്. ആയിരത്തി അഞ്ഞുറോളം പൊലീസുകാരെയാണ് തലസ്ഥാന നഗരത്തില്‍ സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിരിക്കുന്നത്.