പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്ന പ്രചരണം നിഷേധിച്ച് മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെനടക്കുന്ന പ്രചരണം നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ലൈസന്‍സ് വിവര സംവിധാനത്തില്‍ പതിവ് പരിഷ്‌കരണ നടപടികള്‍ മാത്രമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.പഴയ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ അനധികൃതമായി സ്വന്തമാക്കിയ ലൈസന്‍സുകള്‍ റദ്ദാക്കുമെന്നും അവ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്തിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച നടപടി റദ്ദാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് പുറത്തിറക്കിയ ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ തീരുമാനം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രി അറിയിക്കുകയായിരുന്നു.
മതിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ പ്രവാസികളുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടാണ് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. ശമ്പളവും തൊഴില്‍ വിഭാഗവും ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വന്തമാക്കിയ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതിന് മുന്നോടിയായാണ് എല്ലാ പ്രവാസികളുടെയും ലൈസന്‍സുകള്‍ പുതുക്കുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ടെക്‌നിക്കല്‍ കമ്മിറ്റി നടപ്പാക്കിയ തീരുമാനം ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി ഇടപെട്ട് റദ്ദാക്കുകയായിരുന്നു.