തളർച്ചയിൽ വിപണി വ്യാപാരം തുടങ്ങി.
തളർച്ചയിൽ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 400 പോയിന്റ് ഇടിഞ്ഞ് 52,000 മാര്‍ക്കില്‍ താഴെയാണ് . ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,650 പോയിന്റിനും താഴേക്ക് പോയി. മറ്റു ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര വികാരമാണ് ഇന്ന് ദൃശ്യമാവുന്നത്. സെന്‍സെക്‌സില്‍ ബജാജ് ഫൈനാന്‍സാണ് രാവിലെ ഏറ്റവും പിന്നില്‍. 2 ശതമാനം തകര്‍ച്ച ബജാജ് ഫൈനാന്‍സ് ഓഹരികളില്‍ കാണാം. എന്‍ടിപിസി, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ഭാരതി എയര്‍ടെല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളും 1 ശതമാനം തകര്‍ച്ചയോടെ നഷ്ടം നേരിടുന്നവരുടെ പട്ടികയിലുണ്ട്.
വില്‍ക്കപ്പെടുന്ന ഓഹരികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തുമ്പോള്‍ വോഡഫോണ്‍ ഐഡിയ (9.55 രൂപ), അലോക് ഇന്‍ഡസ്ട്രീസ് (26.00 രൂപ), ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ (8.90 രൂപ), ഭേല്‍ (64.80 രൂപ), സെന്‍സര്‍ ടെക്ക് (284.50 രൂപ) എന്നിവരാണ് രാവിലെ മുന്നിലുള്ളത്. വ്യക്തിഗത സ്‌റ്റോക്കുകളില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ (അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി പോര്‍ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍) ലോവര്‍ സര്‍ക്യൂട്ടുകളില്‍ ചെന്ന് തൊട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ വിദേശ ഫണ്ടുകള്‍ എന്‍എസ്ഡിഎല്‍ (നാഷണല്‍ സെക്യുരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പിന്‍വാങ്ങല്‍. അന്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നീ മൂന്നു ഫണ്ടുകളിലാണ് പിടിവീണിരിക്കുന്നത്. ഈ മൂന്നു കമ്പനികള്‍ സംയുക്തമായി 43,000 കോടി രൂപയുടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ കയ്യടക്കുന്നുണ്ട്. ഇന്ന് നിഫ്റ്റി ഐടി ഒഴികെ മറ്റെല്ലാ നിഫ്റ്റി വ്യവസായ വില സൂചികകളും ചുവപ്പിലാണ് വ്യാപാരം നടത്തുന്നത്. 1.3 ശതമാനം തകര്‍ച്ച നേരിടുന്ന നിഫ്റ്റി ലോഹമാണ് കൂട്ടത്തില്‍ ഏറ്റവും പിന്നില്‍. വിശാല വിപണികളിലും ഇടിവ് ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ് 2 ശതമാനവും സ്‌മോള്‍ക്യാപ് 1.5 ശതമാനവും വീതം രാവിലെ നഷ്ടം നേരിടുന്നു.
തിങ്കളാഴ്ച്ച 50 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാന്‍ ഒരുങ്ങുന്നത്. കോള്‍ ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കജാരിയ സെറാമിക്‌സ്, ഗ്രീന്‍പ്ലൈ ഇന്‍ഡസ്ട്രീസ്, ഉത്തം ഷുഗര്‍ മില്‍സ് തുടങ്ങിയ പ്രമുഖര്‍ ഈ പട്ടികയിലുണ്ട്.