മന്ത്രി എകെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല; ക്രിമിനല്‍ കുറ്റമില്ലെന്ന് നിയമോപദേശം.
തിരുവനന്തപുരം: പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന പരാതിയില്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ കേസ് എടുത്തേക്കില്ല. ക്രിമിനല്‍ കുറ്റം കണ്ടെത്താനാവാത്തതില്‍ കേസെടുക്കാനാവില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. കേസ് പിന്‍വലിക്കാന്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതിക്കാരി നേരിട്ട് മൊഴി നല്‍കിയാല്‍ മാത്രം കേസിന് സാധ്യതയെന്നും നിയമോപദേശത്തില്‍ പറയുന്നു.
പീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ കേസെടുക്കാന്‍ കഴിയുമോ എന്നാണ് ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം പൊലീസ് നിയമോപദ്ശം തേടിയത്.
പരാതിക്കാരിയുടെ മൊഴിയും കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയും എകെ ശശീന്ദ്രനുമായി നേരിട്ടു ബന്ധപ്പെടുന്നതല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേസുമായി ബന്ധമില്ലാത്ത മൂന്നാമതൊരാള്‍ നല്‍കിയ പരാതിയാണെന്നതും, ഫോണ്‍ സംഭാഷണത്തില്‍് ക്രിമിനല്‍ ആക്ടിവിറ്റി കണ്ടെത്താനാകുന്നില്ലെന്നുമാണ് വിലയിരുത്തല്‍.
യൂത്ത് ലീഗ് നല്‍കിയ പരാതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും കണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് നല്‍കിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ പൊലീസായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.