ഭരണഘടനയ്ക്ക് എതിരായ മല്ലപ്പള്ളിയിലെ പ്രസംഗം: സജി ചെറിയാനെതിരെ കേസെടുത്തു



തിരുവനന്തപുരം: സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന്‍ പ്രസംഗിച്ചത്. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസടുക്കണം. ഇതിനാലാണ് പൊലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്  ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്വായ്പൂര്‍ പൊലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്.

മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എംഎല്‍എ ആയി തുടരാന്‍ ആകുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഹോണര്‍ ആക്ട് ലംഘിച്ചതിനാല്‍ സജി ചെറിയാന്‍ ക്രിമിനല്‍ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎല്‍എ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധര്‍ പറയുന്നു. ഏതൊരു പൗരനും പാലിക്കാന്‍ ബാധ്യത ഉള്ള ഭരണ ഘടനയെ അവഹേളിച്ച നടപടി അദ്ദേഹം ഇത് വരെ തള്ളത്തതും തിരിച്ചടി ആകുമെന്നാണ് അഭിപ്രായം. എന്നാല്‍ മന്ത്രിയുടെയും എംഎല്‍എ യുടെയും സത്യ പ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറു വാദം. മന്ത്രിയെ ഗവര്‍ണ്ണര്‍ നിയമിക്കുമ്പോള്‍ എംഎല്‍എയെ ജനം തെരെഞ്ഞെടുക്കുന്നു. എംഎല്‍എയെ അയോഗ്യനാകാന്‍ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളില്‍ നിലവിലെ വിവാദ നടപടി ഉള്‍പ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണ ഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‌നം. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിലെ തുടര്‍ നടപടിയും സജിയുടെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്.

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. പകരം മന്ത്രി തത്കാലം വേണ്ടെന്നാണ് നിലവിലെ ചര്‍ച്ചകള്‍. മന്ത്രി രാജി വെച്ചതോടെ സജി ചെറിയാന്റെ വകുപ്പുകള്‍ നിലവില്‍ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. പക്ഷെ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് ഇനി അധിക ചുമതല ആയി വകുപ്പുകള്‍ നല്കാനാണ് സാധ്യത. ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നും രാജി വെച്ച ഇ പി ജയരാജന്‍ പിന്നീട് മടങ്ങി വന്ന പോലെ കേസുകള്‍ തീരുന്ന മുറക്ക് സജിയെയും മടക്കി കൊണ്ട് വരാന്‍ ആലോചന ഉണ്ട്.

മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണ ഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയില്‍ പ്രശ്‌നം ഉന്നയിക്കാനാണ് നീക്കം. സജി ചെറിയാന്‍ എം എല്‍ എ സ്ഥാനവും രാജി വെക്കണം എന്നാണ് കോണ്‍ഗ്രസ്സും ബിജെപിയും ആവശ്യപ്പെടുന്നത്. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. എന്നാല്‍, മന്ത്രിയുടെ രാജിയോടെ വിവാദം തീര്‍ന്നു എന്നാണ് സി പി എം നിലപാട്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media