കൊവിഡ്: ജനിതകമാറ്റം സംഭവിച്ച 4000
വൈറസുകള്‍ ലോകത്തുണ്ടെന്ന് ബ്രിട്ടന്‍
ലണ്ടന്‍: കൊവിഡ്-19 ബാധയ്ക്ക് കാരണമാകുന്ന വകഭേദം സംഭവിച്ച 4,000 വൈറസുകള്‍ ലോകത്തുണ്ടെന്ന് ബ്രിട്ടനിലെ വാക്സിന്‍ വിതരണ മന്ത്രി നദിം സഹാവി. ജനിതകമാറ്റം സംഭവിച്ച ആയിരക്കണക്കിന് വൈറസുകള്‍ ലോകത്തുണ്ടെങ്കിലും അവയില്‍ ചിലത് മാത്രമാണ് അപകടകാരികള്‍. ഈ വൈറസുകള്‍ അതിവേഗത്തില്‍ വ്യാപിക്കാന്‍ ശേഷിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നദിം സഹാവി ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവടങ്ങളില്‍ കണ്ടെത്തിയ വൈറസുകള്‍ക്ക് അതിവേഗത്തില്‍ വ്യാപിക്കാന്‍ ശേഷിയുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസുകളില്‍ നിന്ന് രക്ഷനേടാനുള്ള വാക്സിന്‍ പരീക്ഷണങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്സിനുകള്‍ക്ക് ജനിതകമാറ്റം സംഭവിച്ച വൈറസുകളെ ചെറുക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ പ്രത്യേക നിരീക്ഷണം തുടരുന്നുണ്ട്. വകഭേദം സംഭവിച്ച ഏത് വൈറസുകളെയും പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ലോകത്ത് ജനിതകഘടന വേര്‍തിരിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യമാണ് യുകെ എന്നും സഹാവി വ്യക്തമാക്കി.
ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ലാബുകളില്‍ പഠനത്തിനായി സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ ഏത് സാഹചാര്യത്തെയും പ്രതിരോധിക്കാന്‍ തയ്യാറാണ്. കാലാവസ്ഥ മാറുന്നതനുസരിച്ച് വൈറസ് കൂടുതല്‍ അപകടകാരിയായാല്‍ പോലും പ്രതിരോധിക്കാന്‍ കഴിയും. അത്തരത്തിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സഹാവിയുടെ നിലപാടിനെ തള്ളി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍ രവി ഗുപ്ത രംഗത്തുവന്നു. 'സഹാവിയുടെ പ്രസ്താവനയില്‍ പിഴവുകളുണ്ട്. വൈറസുകളുടെ വകഭേദങ്ങളില്‍ പ്രസക്തിയില്ല. ഇവയില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നതിന് പിന്നാലെ ഇല്ലാതായി തീരുകയും ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞ 4000 വൈറസുകളില്‍ ഇത്തരത്തിലുള്ളവയും ഉള്‍പ്പെടും. അതിനാല്‍ മനുഷ്യരിലേക്ക് എത്തുന്ന ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ഏതെന്ന് വിവരിക്കാന്‍ കഴിയില്ല' - എന്നും അദ്ദേഹം പറഞ്ഞു