ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി; സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്. ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തി. മാരക ലഹരിമരുന്നുമായി സവര്‍ബന്‍ പോവായില്‍ നിന്നും പിടിയിലായ അഖിത് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഖത്രിയുടെ പേര് ഉയര്‍ന്നുവന്നത്.
ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഒന്‍പതു പേരെയാണ് എന്‍സിബി റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുമായി ബന്ധമുള്ള ലഹരി ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കപ്പലില്‍ നടത്തിയ റെയ്ഡില്‍, 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികകള്‍, 5 ഗ്രാം എംഡി, 1.33 ലക്ഷം രൂപ എന്നിവ ഏജന്‍സി കണ്ടെടുത്തിരുന്നു.
നേരത്തെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും ഖത്രിയുടെ പേര് ഉയര്‍ന്നിരുന്നു. സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോദിയുടെ അഭിഭാഷകനാണ്, മരണത്തില്‍ ഖത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. സുശാന്തിനും നടി റിയ ചക്രവര്‍ത്തിക്കും ഇംതിയാസാണ് ലഹരിമരുന്നു നല്‍കിയതെന്നായിരുന്നു അഭിഭാഷകന്റെ വാദം.