അട്ടപ്പാടിയില്‍ മാതൃ-ശിശു വാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഫണ്ട് ചോദിച്ചത് രണ്ട് തവണ; കത്ത് അവഗണിച്ച് ആരോഗ്യ വകുപ്പ്



അഗളി: കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ടിന്റെ കത്ത് അവഗണിച്ച് ആരോഗ്യ വകുപ്പ്. മാതൃ-ശിശു വാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ഡോ. പ്രഭുദാസ് രണ്ട് തവണയാണ് കത്ത് നല്‍കിയത്. 

നാലാം നിലയിലെ വാര്‍ഡിലേക്ക് ലിഫ്റ്റ് നിര്‍മ്മിക്കാന്‍ ഫണ്ട് തേടിയത് കഴിഞ്ഞ മാര്‍ച്ചിലാണ്. അനുബന്ധ ഉപകരണങ്ങള്‍ക്കായി കഴിഞ്ഞ സെപ്തംബറിലും കത്ത് നല്‍കി. എന്‍എച്ച്എമ്മില്‍ നിന്ന് ലഭിച്ച 32 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ ഈ രണ്ട് കത്തുകളും ആരോഗ്യ വകുപ്പ് അവഗണിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വാര്‍ഡിന്റെ നവീകരണം നടത്താന്‍ സാധിച്ചില്ല. വാര്‍ഡിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ തടസമായത് ഫണ്ടിന്റെ അപര്യാപ്തതയാണെന്നാണ് ആരോപണം.വാര്‍ഡ് പ്രവര്‍ത്തന ക്ഷമമാകാതെ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. മാതൃശിശു വാര്‍ഡ് സജ്ജമാക്കിയ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി ആര്‍ട്ടകോയ്ക്കും പണം നല്‍കിയില്ല.

നേരത്തെ ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തില്‍ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയെന്ന് ഡോ പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന് ഡോ പ്രഭുദാസ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തന്റെ ഭാഗം കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കി.

ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിര്‍ത്തലും നേരിട്ടാണ് താന്‍ വന്നത്. കോട്ടത്തറയില്‍ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളില്‍ ഞാന്‍  തന്നെയാണ് വിശദീകരിക്കേണ്ടത് ്. തന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ടെന്നും അതിനാല്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷമാണ് മന്ത്രി ചുരം കയറിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രി സന്ദര്‍ശിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈറിസ്‌ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സ്ഥിതി പരിശോധിക്കാന്‍ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media