തിരുപ്പതി ദുരന്തം; അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തിറക്കാന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ ഇടിച്ചുകയറിയെന്ന് പൊലീസ്
 


തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ആറ് പേരുടെ മരണത്തിനിടയായ അപകടം സംഭവിച്ചതെങ്ങനെ എന്ന കാര്യത്തില്‍ വിശദീകരണവുമായിവിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പൊലീസും. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വൈകുണ്ഠ ഏകാദശിക്ക് വേണ്ടിയുള്ള കൗണ്ടറുകളില്‍ കൂപ്പണ്‍ വിതരണം തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ ഇവിടെ ആളുകള്‍ ക്യൂവില്‍ നില്‍ക്കാനായി എത്തിയിരുന്നു. എന്നാല്‍ ക്യൂവിലേക്ക് ആരേയും അധികൃതര്‍ കടത്തി വിട്ടിരുന്നില്ല.

ഇതിനിടെ ക്യൂവിന് മുന്നിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടു. ഇവരെ പുറത്തേക്ക് കൊണ്ട് പോകാന്‍ ക്യൂവിന്റെ ഒരു ഭാഗം പൊലീസ് കുറച്ച് തുറന്നു. ഈ സമയത്ത് ഇവിടേക്ക് ആളുകള്‍ ഇടിച്ച് കയറുകയായിരുന്നു. ക്യൂ വ്യാഴാഴ്ച മാത്രമേ തുറക്കൂ എന്നതിനാല്‍ വലിയൊരു ക്യൂ നിയന്ത്രിക്കാന്‍ ഉള്ള സംവിധാനമോ ആള്‍ബലമോ അപ്പോള്‍ പൊലീസിന് ഉണ്ടായില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതാണ് വലിയ ദുരന്തത്തിന് വഴി വച്ചതെന്ന് ജില്ലാ പൊലീസ് മേധാവിയും തിരുമല തിരുപ്പതി ദേവസ്വം ചെയര്‍മാനും അറിയിച്ചു. ആളുകള്‍ ഇടിച്ചുകയറിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ പൊലീസ് ഒരുക്കിയ സകലനിയന്ത്രണങ്ങളും പാളി. തുടര്‍ന്നാണ് വലിയ ദുരന്തം ഉണ്ടായത്. താഴെ വീണ ആളുകള്‍ക്ക്  മുകളിലുടെ മറ്റു ആളുകള്‍ പരിഭ്രാന്തരായി ഓടിയതോടെ അപകടത്തിന്റെ വ്യാപ്തി കൂടി. 

മരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. തമിഴ്‌നാട് സേലം സ്വദേശിനി മല്ലിക (49), കര്‍ണാടക ബെല്ലാരി സ്വദേശിനി നിര്‍മല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ റൂയ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനുവരി പത്തിനാണ് വൈകുണ്ഠ ഏകാദശി ദര്‍ശനം. വൈകുണ്ഠ ദ്വാര ദര്‍ശനത്തിനായാണ് കൂപ്പണ്‍ വിതരണം ചെയ്യുന്നത്. 1,20,000 കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ 94 കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. അപകടത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെടുകയും തിരുപ്പതി തിരുമല ദേവസ്ഥാനം അധികൃതരുമായി സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ എത്തിച്ചു. രാത്രി തന്നെ ചന്ദ്രബാബു നായിഡു അടിയന്തര യോഗവും ചേര്‍ന്നു.  അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media