ഒമിക്രോണ്‍: പ്രത്യേക വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചു; വീണാ ജോര്‍ജ്


തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.


കൊവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കൊവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കൊവാക്സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരെ കണ്ടെത്തി ഫീല്‍ഡ് തലത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ വീട്ടിലെത്തി വാക്സിനെടുക്കാനായി അവബോധം നല്‍കും.

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ ഒന്നും രണ്ടും ഡോസും ഉള്‍പ്പെടെ 4.4 ലക്ഷം പേര്‍ വാക്സിനെടുത്തപ്പോള്‍ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളില്‍ 6.25 ലക്ഷം പേര്‍ വാക്സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്സിനേഷന്‍ 36,428 പേരില്‍ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസില്‍ നിന്നും 5.67 ലക്ഷം ഡോസായും വര്‍ധിച്ചിട്ടുണ്ട്.

വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേര്‍ക്ക് (2,57,04,744) ആദ്യ ഡോസ് വാക്സിനും 65.5 ശതമാനം പേര്‍ക്ക് (1,74,89,582) രണ്ടാം ഡോസ് വാക്സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,31,94,326 ഡോസ് വാക്സിനാണ് നല്‍കിയത്.

കൊവിഡ് വാക്സിന്‍ കൊവിഡ് അണുബാധയില്‍ നിന്നും ഗുരുതരാവസ്ഥയില്‍ നിന്നും സംരക്ഷിക്കുമെന്ന് തെളിയിച്ചതാണ്. അനാവശ്യ കാരണം പറഞ്ഞ് വാക്സിനെടുക്കാത്തവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ഇനിയും വാക്സിന്‍ എടുക്കാനുള്ളവരും വിദേശത്ത് നിന്നും വരുന്നവരില്‍ വാക്സിന്‍ എടുക്കാനുള്ളവരും ഉടന്‍ വാക്സിന്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media