പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വിവാദ നിര്‍മ്മാണം ഇന്ന് പൊളിച്ചേക്കും
 


നിലമ്പൂര്‍: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള തടയിണയും റോപ് വേയും ഇന്ന് പൊളിച്ച് നീക്കിയേക്കും. ഓംബുഡ്സ്മാന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നിര്‍മ്മാണം പൊളിക്കുന്നത്. ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തടയിണ പൊളിക്കല്‍ നടപടി. രാവിലെ 10 മണിയോടെ പൊളിക്കല്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാന്‍ ഒക്ടോബര്‍ 23ന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു. 15 ദിവസത്തിനകം റോപ്വെ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന് നോട്ടിസ് നല്‍കിയത്.

റോപ്വെ പൊളിച്ചു നീക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നിലമ്പൂര്‍ സ്വദേശി എം പി വിനോദ് നേരത്തെ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിനോദ് പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിച്ചത്. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് പരാതിയില്‍ പറയുന്നത്.

അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ മുപ്പതിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഓംബുഡ്സ്മാന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി. സമയ പരിധിക്കുള്ളില്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് ചിലവില്‍ പൊളിച്ചു നീക്കുമെന്നും ഈ തുക ഉടമയില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media