ഷാന്‍ കൊലക്കേസ് പ്രതികളുടെ കാര്‍ കണിച്ചുകുളങ്ങര
ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ സംശയാസ്പദമായ നിലയില്‍ കാര്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മാരാരിക്കുളം പൊലീസ് സംഘമെത്തി കാര്‍ പരിശോധിച്ച് പ്രതികളുടേതെന്ന് സ്ഥിരീകരിച്ചു.
അതേ സമയം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലക്കേസിലെമുഖ്യ ആസൂത്രകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകന്‍. കൊലപാതകത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയതും ആളുകളെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും പ്രസാദാണ്. ഷാന്‍ വധക്കേസില്‍ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇവരില്‍ എട്ടുപേരാണ് ഇനി പിടിയിലാകാനുള്ളത്. ഇതു കൂടാതെ ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിച്ചു വരികയാണ്.
ആലപ്പുഴയില്‍ രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കാനായി ജില്ലാകളക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം നാളെ നടക്കും. നേരത്തെ വിട്ടുനിന്ന ബിജെപിയും നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.
സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്‌നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.