ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്നും വില കുറയ്ക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍
ദില്ലി: ഇന്ധനവിലയില്‍ രാഷ്ട്രീയ പാടില്ലെന്ന് കേന്ദ്രം. വില കുറയ്ക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉള്‍പ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം. എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറിച്ചത്. എന്‍ഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും തീരുമാനം പിന്തുടര്‍ന്നു.
എന്നാല്‍ മൂല്യവര്‍ധിത നികുതി കുറക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പെട്രോളിന് ഉയര്‍ന്ന വിലയുള്ള മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ അടിയന്തരമായി നികുതി കുറയ്ക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന ഘടകം ശക്തമാക്കുകയാണ്. എന്നാല്‍ ആശ്വാസം പകരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആത്മാര്‍ത്ഥമാണെങ്കില്‍ ഇരുപത്തിയഞ്ചോ അന്‍പതോ രൂപ എങ്കിലും കുറക്കണണമെന്ന് ശിവസേന പ്രതികരിച്ചു.
ബംഗാളിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ സമ്മര്‍ദ്ദം ബിജെപി ഉയര്‍ത്തുന്നുണ്ട്. പതിനെട്ട് മാസത്തിനിടെ മാത്രം 35 രൂപയുടെ വര്‍ധന പെട്രോളിനും 26 രൂപയുടെ വര്‍ധന ഡീസിലിനും ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മാത്രം ഇളവ് ഒട്ടും ആശ്വാസകരമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നികുതി കുറക്കേണ്ടന്ന നിലപാട് ആണ് പൊതുവേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേതും.
നിലവില്‍ എന്‍ഡിഎ ഇതര സംസ്ഥാനങ്ങളില്‍ ഒഡീഷ മാത്രമേ മൂല്യവര്‍ധിത നികുതി കുറക്കാന്‍ തയ്യാറായിട്ടുള്ളു. ഇന്ധന വില വര്‍ധനയില്‍ ജനവികാരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചിരുന്ന പ്രതിപക്ഷത്തെ അതേ വിഷയത്തില്‍ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞുവെന്നാണ് ബിജെപി വിലിയിരുത്തല്‍. എന്നാല്‍ ഭൂരിഭാഗം നഗരങ്ങളിലും ഇപ്പോഴും പെട്രോളിന് നൂറിന് മുകളില്‍ തന്നെയാണ് വിലയെന്നത് കേന്ദ്രസര്‍ക്കാരിനും ആശ്വാസകരമല്ല.
പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് വരുന്ന മാസങ്ങളില്‍ കുതിച്ചുയരുമെന്നാണ് ഊര്‍ജ്ജ വിദഗ്ധരുടെ അഭിപ്രായം. ഉപഭോഗം കൂടിയതുകൊണ്ടാണ് കേന്ദ്രം എക്സൈസ് നികുതിയില്‍ ഇളവ് വരുത്തിയതെന്നും ഊര്‍ജ്ജ രംഗത്തെ വിദഗ്ധന്‍ നരേന്ദ്ര തനേജ അഭിപ്രായപ്പെട്ടു. ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുകയാണെന്ന കാര്യം പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പെട്രോളിയം പ്രധാനപ്പെട്ട ഉല്‍പ്പന്നമാണ്. ഇന്ന് ഇന്ത്യയില്‍ ഉപയോഗിക്കുന്ന 86 ശതമാനവും ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലാണ്. പെട്രോളിനും ഡീസലിനും വില ഏതെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല. 2010 ജൂലൈയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരും 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാരും യഥാക്രമം പെട്രോള്‍ ഡീസല്‍ വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടു.'- അദ്ദേഹം പറഞ്ഞു.