ബംഗളൂരു: കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്റെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേര്‍ത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്റെ പ്രതികരണം. തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ്. ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ വെന്റിലേഷന്‍ എത്ര ദിവസം തുടരണെ എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും ഉമ തോമസിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എംഎല്‍എയുടെ ആരോഗ്യ സ്ഥിതി ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടര്‍ ചികിത്സകള്‍ക്കുള്ള തീരുമാനങ്ങളെടുക്കും. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ മൃദംഗവിഷന്‍ എംഡി അടക്കം അഞ്ച് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍, ഓസ്‌കാര്‍ ഇവന്റ് ചുമതലക്കാരന്‍ ജിനേഷ് കുമാര്‍ എന്നിവരോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം, നൃത്തപരിപാടിയുടെ സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. നര്‍ത്തകരുടെ വസ്ത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയത് തങ്ങള്‍ വൈകിയാണ് അറിഞ്ഞതെന്ന് കല്യാണ്‍ സില്‍ക്‌സ് വാര്‍ത്താഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാണ്‍ സില്‍ക്‌സ് അടക്കമുള്ള സ്‌പോണ്‍സര്‍മാരെ കാണുന്നത്. ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയില്‍ ബുക്ക് മൈ ഷോയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടും. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടന്‍ സിജോയ് വര്‍ഗീസിനെയും വിളിപ്പിക്കും.