കെ.എസ്. മണിയുടെ വിജയം അര്‍ഹതയ്ക്കുള്ള അംഗീകാരം
കോഴിക്കോട്: കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ ചെയര്‍മാനായി കെ.എസ.് മണി തെരഞ്ഞെടുക്കപ്പെട്ടത് അര്‍ഹതയ്ക്കുള്ള അംഗീകാരം. മലബാര്‍ മില്‍മയുടെ ചെയര്‍മാനാണ് നിലവില്‍ കെ.എസ്. മണി. പ്രതിസന്ധി ഘട്ടങ്ങളില്‍ മലബാര്‍ മില്‍മയെ ഇച്ഛാ ശക്തിയോടെ നയിച്ച് വിജയത്തിലേക്കെത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ പ്രശംസിക്കപ്പെട്ടതാണ്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് പാല്‍ മിച്ചം വന്ന് കടുത്ത പ്രതിസന്ധിയിലായിരുന്നു മലബാര്‍ മില്‍മ. പ്രതിദിനം മൂന്നു ലക്ഷത്തിലേറെ ലിറ്റര്‍ പാലാണ് മിച്ചം വന്നിരുന്നത്. മിച്ചം വരുന്ന പാല്‍ അയല്‍ സംസ്ഥാനങ്ങളിലെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറികളില്‍ അയച്ച് പൊടിയാക്കുകയാണ് പതിവ്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളിലും പാല്‍ മിച്ചം വന്നതോടെ അവരുടെ പാല്‍ പൊടിയാക്കി നല്‍കുന്നതിന് കമ്പനികള്‍ പ്രാമുഖ്യം കല്‍പ്പിച്ചു. ഇതോടെ കേരളത്തില്‍ നിന്നുള്ള പാല്‍ പൊടിയാക്കുന്നതിന് അവര്‍ സ്വീകരിക്കാതെയായി. തീര്‍ത്തും പ്രതിസന്ധിയിലായ ഘട്ടം. മുഖ്യമന്ത്രി തലത്തിലുള്ളവരുടെ മുന്നില്‍ കാര്യത്തിന്റെ ഗൗരവം സമയബന്ധിതമായി അറിയിക്കാന്‍ കെ.എസ് മണി നടത്തിയ ശ്രമമാണ് അന്ന് രക്ഷയായത്. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈവിഷയത്തില്‍ സംസാരിച്ചു. ഇതോടെ കേരളത്തില്‍ നിന്നുള്ള മില്‍മയുടെ പാല്‍ പൊടിയാക്കാന്‍ കമ്പനികള്‍ തയ്യാറായി.
സംസ്ഥാനത്ത് ക്ഷീര കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയും പാലുത്പ്പാദനം കുത്തനെ ഉയരുകയും ചെയ്യുകയാണ്. .ഒരു വര്‍ഷത്തിനകം മൂന്ന് ലക്ഷം ലിറ്റര്‍ അധിക പാലാണ് കര്‍ഷരില്‍ നിന്ന് മില്‍മയ്ക്ക് പ്രതിദിനം സംഭരിക്കേണ്ടി വന്നത്. സംഭരണം നടത്തി കര്‍ഷകരെ സംരക്ഷിച്ചു നിര്‍ത്തേണ്ട ധാര്‍മികമായ ബാധ്യത ഒരു വശത്ത്. മിച്ചം വരുന്ന പാല്‍ എന്തു ചെയ്യുമെന്ന ആശങ്ക മറുവശത്ത്. ചെയര്‍മാന്‍ കെ.എസ് മണിയുടെ നേതൃത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെയും ക്ഷീര വികസന വകുപ്പു മന്ത്രി ചിഞ്ചുറാണിയെയും കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ച് ചര്‍ച്ച നടത്തി. ത്രിതല പഞ്ചായത്തുകള്‍, ട്രൈബല്‍ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വൃദ്ധ സദനങ്ങള്‍, കോവിഡ് ആശുപത്രികള്‍, ആംഗന്‍ വാടികള്‍ എന്നിവിടങ്ങളില്‍ മില്‍മ പാല്‍ വിതരണം നടത്താന്‍ ധാരണയായി.
മിച്ചം വരുന്ന പാല്‍ പൊടിയാക്കി സൂക്ഷിക്കാന്‍ ഇതര സംസ്ഥാനത്തെ ഫാക്ടറികളെ ആശ്രയിക്കേണ്ടി വരുന്ന ദുരിതത്തിനും പരിഹാരമാകുകയാണ്. കെ.എസ്. മണിയുടെ നേതൃത്വത്തില്‍ മലബാര്‍ മില്‍മ നടത്തിയ ശ്രമം വിജയം കണ്ടു. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാടുള്ള മില്‍മ ഡെയറി പ്ലാന്റിനോടു ചേര്‍ന്ന് പാല്‍പ്പൊടി ഫാക്ടറിയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. നിര്‍മാണം പുരോഗമിക്കുകയാണ്. 54 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ഒരു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാവും.
പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ ഇച്ഛാ ശക്തിയോടെ മലബാര്‍ മില്‍മയെ നയിച്ച ആത്മധൈര്യത്തോടെയാണ് കെ.എസ്. മണി കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരുന്നത്. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഇത് തീര്‍ച്ചയായും അര്‍ഹതയക്കുള്ള അംഗീകാരമാണ്.