കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച കപ്പലില്‍ അതിവേഗം തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളാണ് ഉണ്ടായിരുന്നതെന്ന് വിവരം. അപകടം നടന്ന കപ്പലില്‍ 22 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 18 പേര്‍ കടലിലേക്ക് ചാടി. കപ്പലിലെ ബോട്ടുകള്‍ ഉപയോഗിച്ച് നാവികസേന രക്ഷിച്ചവരില്‍ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. അതേസമയം നാല് പേരെ കാണാനില്ലെന്നും വിവരമുണ്ട്.
കപ്പലിലെ തീ അണക്കാനായിട്ടില്ല. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ അപകടം നടന്ന ഇടത്തേക്ക് പുറപ്പെട്ടു. 20 ഓളം കണ്ടെയ്നര്‍ കടലില്‍ വീണിട്ടുണ്ടെന്നും വിവരമുണ്ട്. കപ്പിത്താനും മൂന്ന് എഞ്ചിനീയര്‍മാരും ഇപ്പോഴും കപ്പലില്‍ തുടരുന്നുണ്ട്. കപ്പലില്‍ കണ്ടെയ്നറുകള്‍ സൂക്ഷിച്ച സ്ഥലത്താണ് അപകടമുണ്ടായത്. ന്യൂ മാംഗ്ലൂരില്‍ നിന്നുള്ള ഐസിജിഎസ് രാജ്ദൂത്, കൊച്ചിയില്‍ നിന്നുള്ള ഐസിജിഎസ് അര്‍ണ്‍വേഷ്, അഗത്തിയില്‍ നിന്നുള്ള ഐസിജിഎസ് സാച്ചെത് എന്നിവ സഹായത്തിനായി തിരിച്ചുവിട്ടതായി കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നു.
കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ വേണ്ട തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് കപ്പല്‍ അപകടം ഉണ്ടായത്. ബേപ്പൂരില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയും അഴീക്കലില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ ദൂരത്തുമായാണ് അപകടം സംഭവിച്ചിരിക്കുന്നത്. പത്ത് മണിക്കൂര്‍ മുന്‍പാണ് കപ്പല്‍ കൊളംബോ തീരത്ത് നിന്ന് യാത്ര തുടങ്ങിയത്. നാളെ രാവിലെ മുംബൈ തീരത്ത് എത്തേണ്ടതായിരുന്നു.