വടകര: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അത്യാധുനിക റോബോട്ടിക് കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. വടകര മേഖലയിലെ ആരോഗ്യരംഗത്ത് ആദ്യമായാണ് കൂടുതല്‍ കൃത്യതയും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്ന ഇത്തരമൊരു ശസ്ത്രക്രിയ ചെയ്യുന്നത്.
വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പ്രശസ്ത ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജന്‍ ഡോ. സി എം അസ്ഹറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമാണ് ശസ്ത്രക്രിയ നടത്തിയത്. നൂറു ശതമാനം കൃത്യത ഉറപ്പുനല്‍കുന്നതാണ് റോബോട്ടിക് ശസ്ത്രക്രിയകളെന്നും രോഗിയുടെ യഥാര്‍ത്ഥ കാല്‍മുട്ടിന്റെ ഘടന കൃത്യമായി മനസ്സിലാക്കി ചെയ്യുന്നതിനാല്‍ ചുറ്റുമുള്ള പേശികള്‍ക്കോ കോശങ്ങള്‍ക്കോ യാതൊരുവിധ കേടുപാടുകളും സംഭവിക്കുന്നില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് റോബോട്ടിക് ശസ്ത്രക്രിയയില്‍ സുഖപ്രാപ്തി വേഗത്തിലായിരിക്കുമെന്നും രക്തസ്രാവം കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടകരയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ലക്ഷ്യമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീ. നിധിന്‍ ആന്റണി അറിയിച്ചു. പത്രസമ്മേളനത്തില്‍ ഹോസ്പിറ്റല്‍ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. സുനില്‍ പ്രശാന്ത്, ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ഹിജാസ് ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.