അമ്മ 30ന് വൈകീട്ട് കോഴിക്കോട്ടെത്തും
കോഴിക്കോട് : കോഴിക്കോട് വെള്ളിമാടുകുന്ന് ബ്രഹ്‌മസ്ഥാന വാര്‍ഷികാഘോഷം മെയ് 31, ജൂണ്‍ 1 തിയ്യതികളില്‍ ആഘോഷപൂര്‍വ്വമായി നടക്കും.ബ്രഹ്‌മസ്ഥാന വാര്‍ഷികത്തിന് മുഖ്യ കാര്‍മ്മികത്വം വഹിക്കാനായി സദ് ഗുരു മാതാ അമൃതാനന്ദമയി ദേവി മെയ് 30 ന് വൈകീട്ട് കോഴിക്കോട് എത്തിചേരും. അമ്മയെ ആശ്രമ കവാടത്തില്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. രണ്ട് ദിവസവും ലളിതാ സഹസ്രനാമാര്‍ച്ചന, അമ്മയുടെ ഭക്തി ഗാനസുധ, പ്രഭാഷണം, ധ്യാനം, ദര്‍ശനം എന്നിവയുണ്ടാവും.
ബ്രഹ്‌മസ്ഥാന ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയും, വിശേഷാല്‍ പൂജകളും നടക്കും. 31 ന് രാവിലെ 7 മണിക്ക് രാഹുദോഷ നിവാരണ പൂജയും, ജൂണ്‍ 1 ന് രാവിലെ 7 മണിക്ക് ശനിദോഷ നിവാരണ പൂജയും നടക്കും. രാഹു - ശനിദോഷ നിവാരണ പൂജകളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൗകര്യവും യാത്രാ സൗകര്യവും സംഘാടകര്‍ ഒരുക്കിയ്യിട്ടുണ്ട്.
അമ്മയെ കാണാനും ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ പങ്കെടുക്കാനുമായി എത്തുന്ന ഭക്ത ജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. പതിനായിരം പേര്‍ക്കിരിക്കാവുന്ന സൗകര്യത്തോടെയുള്ള പന്തലാണ് ഒരുങ്ങുന്നത്. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും. മലബാറിലെ ഇതര ബ്രഹ്‌മസ്ഥാനങ്ങളിലൊന്നും ഇക്കുറി അമ്മ എത്തുന്നില്ല. കോഴിക്കോട് മാത്രമാണ് ബ്രഹ്‌മസ്ഥാന വാര്‍ഷികാഘോഷം നടക്കുന്നത്. അതുകൊണ്ടു തന്നെ മലബാറിലെ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള അഞ്ച് ജില്ലകളിലെ ഭക്തര്‍ കോഴിക്കോട് എത്തിച്ചേരും. ആറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്രഹ്‌മസ്ഥാന വാര്‍ഷികാഘോഷത്തില്‍ പങ്കുചേരാന്‍ അമ്മ കോഴിക്കോട്ടെത്തുന്നത്. അതുകൊണ്ടു തന്നെ രണ്ടു ലക്ഷം പേര്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കോഴിക്കോട്ടു നിന്ന് തിരിക്കുന്ന അമ്മ തൃശൂര്‍, എറണാകുളം ബ്രഹ്‌മസ്ഥാന വാര്‍ഷികാഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത് വള്ളിക്കാവില്‍ തിരിച്ചെത്തും.
പത്ര സമ്മേളനത്തില്‍ മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി, അഡ്വ. പി.കെ.ശ്രീധരന്‍ നായര്‍, വേണു താമരശ്ശേരി, എം.പി. പ്രദീപ്കുമാര്‍, വിനയദാസ്, ശിവപ്രസാദ്, എന്‍.പി. സോമന്‍ എന്നിവര്‍ പങ്കെടുത്തു.