എറണാകുളം: രഞ്ജിത്തിന് എതിരായ ലൈംഗികാതിക്രമ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ പ്രഥമദൃഷ്യാ പ്രകടമാണ്. പരാതിയുടെ വസ്തുതയിലേക്ക് തത്കാലം കോടതി കടക്കുന്നില്ല. ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളില്‍ 5 വര്‍ഷത്തില്‍ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ആരോഗ്യസ്ഥിതിയും പ്രായവും,സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോള്‍ പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കുറവാണെന്നും കോടതി പറഞ്ഞു. അതേസമയം ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക ഗൗരവമായി കാണുന്നു. അതിനാല്‍ കര്‍ശന ഉപാധികള്‍ വച്ച് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി പറഞ്ഞു.
അതേസമയം ലൈംഗികാതിക്രമ കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകന്‍ രഞ്ജിത്ത് ജയില്‍ മോചിതനായി. 10 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്‌സാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു.
സബ് ജയിലിന് പുറത്തേക്കിറങ്ങിയ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിക്കാതെ കാറില്‍ കയറി. യുവനടിയുടെ അഭിനയം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനാല്‍ താന്‍ വിമര്‍ശിക്കുകയും ചില സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റില്‍ എല്ലാവരും അറിഞ്ഞു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്റെ വാദം. എന്നാല്‍, രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിച്ചുവെന്നാണ് പ്രേസിക്യൂഷന്റെ അവകാശവാദം. രഞ്ജിത്തിന്റെ സിനിമയില്‍ നിന്നുള്ളവരാണ് പ്രധാന സാക്ഷികള്‍ എന്നതിനാല്‍ ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല. താന്‍ സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയില്‍ പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. കുറ്റം സമ്മതിച്ചില്ല എന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാം. ഫോര്‍ട്ട് കൊച്ചിയിലെ സിനിമ സെറ്റില്‍ വച്ച് യുവനടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പാരാതിയില്‍ ഏപ്രില്‍ ഒന്നിനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തലന്ന് രാത്രി തൊടുപുഴയില്‍ വച്ച് രഞ്ജിത്ത് സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.