മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞു; ഏഴ് ഷട്ടറുകള്‍ അടച്ചു


ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്  138.50 അടിയായി കുറഞ്ഞു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നതോടെ സ്പില്‍വേയിലെ ഏഴു ഷട്ടറുകളും തമിഴ്‌നാട് അടച്ചു. ഇനി അടയ്ക്കാനുള്ളത് ഒരു ഷട്ടര്‍ മാത്രമാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ 20 സെന്റിമിറ്ററായി തുറന്നിട്ടുള്ള ഷട്ടറിന്റെ ഉയരം കുറച്ചിട്ടുണ്ട്. സെക്കന്റില്‍ 980 ഘനയടി വെള്ളമാണ് ഇപ്പോള്‍ സ്പില്‍വേ വഴി ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഇതിനിടെ ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ന്ന് 2398.72 അടിയിലെത്തി. 2398.79 അടിയാണ് റെഡ് അലര്‍ട്ട് ലെവല്‍. 

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട്

ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ഇന്നലെ വ്യക്തമാക്കി. കോടതി നിര്‍ദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗനാണ് അറിയിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേബി ഡാം ബലപ്പെടുത്തിയ ശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാം. ബേബി ഡാം ബലപ്പെടുത്തുന്നതിന് താഴെയുള്ള മൂന്നു മരങ്ങള്‍ വെട്ടണം. അതിനുള്ള അനുമതി കേരള സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതിനെതിരെ തമിഴ്‌നാട്ടില്‍ എഐഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയാണ് ഡിഎംകെ സര്‍ക്കാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു എഐഡിഎംകെയുടെ ആരോപണം. ഇത് തള്ളിയ മന്ത്രി ദുരൈമുരുഗന്‍ റൂള്‍ കര്‍വ് പ്രകാരം ആണ് സ്പില്‍ വേ തുറന്നതെന്നും വ്യക്തമാക്കി.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും 136 അടിയലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്‌നാട് മന്ത്രിയുടെ ജലനിരപ്പ് കൂട്ടുമെന്നുള്ള പ്രസ്താവനയെന്നുള്ളതാണ് ശ്രദ്ധേയം. തമിഴ്‌നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്നലെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത്. മന്ത്രി ദുരൈമുരുകനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. ഇവര്‍ക്കൊപ്പം ഏഴോളം എംഎല്‍എമാരും സ്ഥലം സന്ദര്‍ശിച്ചു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media