കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച ഇന്ത്യക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് പ്രവാസി സംഘടനകള്‍
അബുദാബി: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച ഇന്ത്യക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് പ്രവാസി സംഘടനകള്‍.ഇന്ത്യയ്ക്കു കോടികളുടെ വിദേശ നാണ്യം നേടിത്തരുന്ന, നാടിന്റെ ആവശ്യങ്ങള്‍ക്ക് കൈമെയ് മറന്നു സഹായിക്കുന്ന പ്രവാസികളെ നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് ഖേദകരമാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒട്ടേറെ നിവേദനം നല്‍കിയിട്ടും മുഖംതിരിക്കുന്ന സമീപനം ശരിയല്ലെന്നും പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 3500 - ല്‍ അധികം ഇന്ത്യക്കാരാണ് മരിച്ചത്.
പകുതിയോളം മലയാളികളാണ്. അനൗദ്യോഗിക കണക്കുപ്രകാരം വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 5000 ല്‍ അധികമാണ്. മരിച്ച പ്രവാസികളില്‍ പലരും നിര്‍ധനരും കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സുമായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രവാസികാര്യ സഹമന്ത്രി വി മുരളീധരനും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരിക്കും നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
സുപ്രീംകോടതിയുടെ ഇടപെടലിലൂടെ കേന്ദ്രം ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക നാമമാത്രമാണെന്നും തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ വരുമാന സ്രോതസ് നഷ്ടപ്പെട്ടതോടെ അനാഥരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്.
ദുരിതാശ്വാസ മാനദണ്ഡം അനുസരിച്ച് 4 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. കോവിഡ് മഹാമാരിയായി ലോകം പ്രഖ്യാപിച്ച സ്ഥിതിക്ക് കുറഞ്ഞത് 4 ലക്ഷം രൂപയെങ്കിലും നല്‍കണമെന്നും ആവശ്യപ്പെട്ടു.
നാട്ടിലാണെങ്കിലും ഗള്‍ഫിലാണെങ്കിലും മരിച്ചത് മനുഷ്യരാണ്. നാട്ടില്‍ തൊഴിലില്ലാത്തതുമൂലം ഗള്‍ഫില്‍ എത്തിപ്പെട്ടവരാണവര്‍. ഇക്കാരണത്താല്‍ നഷ്ടപരിഹാരത്തില്‍ വിവേചനം കാണിക്കുന്നത് കടുത്ത അനീതിയാണ്.
കുടുംബനാഥന്‍ മരിച്ചതോടെ അനാഥമായ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മാന്യമായ തുക നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
നാടിന്റെ അഭിവൃദ്ധിയില്‍ പ്രവാസികളുടെ പങ്ക് വിസ്മരിക്കാവുന്നതല്ല. വികസനത്തിനു മാത്രമല്ല ഏതു ദുരിതഘട്ടങ്ങളിലും കൈമെയ് മറന്നു സഹായിക്കുന്ന പ്രവാസികള്‍ മരിച്ചാല്‍ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.