കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ അഞ്ച് പേരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ് പിരിച്ചു വിട്ടത്. ഗ്രേഡ് 1 അറ്റന്‍ഡര്‍മാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റര്‍മാരായ ഷൈമ, ഷലൂജ, നഴ്‌സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് ആറ് പേര്‍ക്കെതിരെ നടപടിയെടുത്തത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതിജീവിതയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കല്‍ , ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. പ്രതിയായ അറ്റന്‍ഡര്‍ ശശീന്ദ്രന്റെ അറസ്റ്റിന് പിന്നാലെ ഇരയ്ക്ക് മേല്‍ പരാതി പിന്‍വലിക്കാന്‍ ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
ശശീന്ദ്രനെതിരെ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന നഴ്‌സുമാരടക്കം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രോഗിയെ ഓപ്പറേഷന്‍ തീയേറ്ററിലെത്തിക്കുന്ന് ജോലിയായിരുന്നു ശശീന്ദ്രന്. സംഭവ ദിവസം സ്ത്രീകളുടെ വാര്‍ഡില്‍ രോഗിയുടെ ദേഹത്ത് വസ്ത്രങ്ങള്‍ മാറിക്കിടക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ യൂറിന്‍ ബാഗ് മാറ്റാന്‍ വന്നതാണെന്ന് ശശീന്ദ്രന്‍ നഴ്‌സിനോട് പറഞ്ഞു. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് യൂറിന്‍ ബാഗ് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് മറുപടി ഇല്ലായിരുന്നു. തുടര്‍ന്ന് ശശീന്ദ്രനെ ശകാരിച്ച് ഇറക്കിവിട്ടെന്ന് നഴ്‌സ് പൊലീസിന് മൊഴി നല്‍കി. പീഡനത്തിനിരയായ യുവതി ബോധം തെളിഞ്ഞപ്പോള്‍ ഭര്‍ത്താവിനോട് വിവരം പറയുകയായിരുന്നു. പൊലീസിലും ആശുപത്രി അധികൃതര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ അറസ്റ്റ് ചെയ്തത്.