കോഴിക്കോട് : ഏതുവിശ്വാസത്തിന്റെ പേരിലായാലും മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളുടെ ഭാഗമായി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തുടനീളം നടന്നു വരുന്ന സത്സംഗങ്ങളുടെ സമാപനസമ്മേളനം വിശ്വജ്ഞാനമന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
ജാതിയുടെയും മതത്തിന്റെയും ഉള്‍പ്പിരിവുകള്‍ക്കും പോരാട്ടങ്ങള്‍ക്കുമാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത് . നാമെല്ലാം ദൈവത്തിന്റെ മക്കളാണെന്നു പറഞ്ഞിട്ട് പിന്നെ എന്തിന്റെ പേരിലാണ് കലഹിക്കുന്നത്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും ആ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ശാന്തിയും സമാധാനവും നുകരാനും ജാതിമതവര്‍ണ്ണവ്യത്യാസങ്ങള്‍ തടസ്സമാകരുത്. വ്യത്യസ്ത മതത്തിലുളളവര്‍ക്ക് ഒരുമിച്ചിരിക്കാന്‍ ഇടമുണ്ടാകണം. ജാതിയോ, മതമോ മറന്ന് മനുഷ്യനെന്ന ഏകാത്മസിദ്ധാന്തത്തില്‍ എത്തിച്ചേരാനുളള ഇടമാണ് ശാന്തിഗിരിയെന്നും രാജ്യത്തിന്റെ ബഹുസ്വരതയും നാനാത്വവും ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെ സന്ദേശമാണ് ആശ്രമം മുന്നോട്ടൂവെയ്ക്കുന്നതെന്നും സ്വാമി പറഞ്ഞു.
ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കക്കോടി ഗ്രാമപഞ്ചായത്തംഗം അജിത.എ.കെ, ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി ഗുരുസവിധ്, സ്വാമി ജനതീര്‍ത്ഥന്‍, സ്വാമി ആത്മബോധ, സ്വാമി ജഗത്രൂപന്‍, സ്വാമി ആത്മധര്‍മ്മന്‍, ആശ്രമം അഡൈ്വസറി കമ്മിറ്റി കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസര്‍ സബീര്‍ തിരുമല, റ്റി. പി. കേളന്‍, സി.ബി. മുരളിചന്ദ്രന്‍ , പി.എം.ചന്ദ്രന്‍, ഷീബ.പി.വി, ഷാജി.കെ.എം, അഭിനന്ദ്. സി.എസ്, കുമാരി ആദിത്യ.കെ.ചന്ദ്രന്‍, എം.ജുബിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.