കുടുംബശ്രീ ബാങ്കിംഗ് രംഗത്തേക്ക്: സ്‌മോള്‍ ഫിനാന്‍സ് ബാങ്കിംഗ് ലൈസന്‍സ് കരസ്ഥമാക്കുക ലക്ഷ്യം
കോഴിക്കോട്: കുടുംബശ്രീ ബാങ്കിംഗ് രംഗത്തേക്ക് വരാനൊരുങ്ങുന്നു. നിരവധി സംരഭങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാനായതിന്റെ ആത്മധൈര്യത്തിലാണ് പുതിയ മേഖലയിലേക്കുള്ള കാല്‍വെയ്പ്പിനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനത്തിന് കുടുംബശ്രീ മിഷന്‍ ഏജന്‍സിയെ നിയോഗിക്കുകയാണ്. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഏജന്‍സിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നായിരിക്കും വ്യവസ്ഥ.
കുടുംബശ്രീ മിഷന്‍ 43 ലക്ഷം അംഗങ്ങളാണുള്ളത്. 2.91 ലക്ഷം യൂണിറ്റുകളിലായാണ് ഈ അംഗസംഖ്യ. മൊത്തം യൂണിറ്റുകളില്‍ 2.29 ലക്ഷം യൂണിറ്റുകള്‍ ഗ്രാമീണ മേഖലയിലാണ്. നിലവില്‍ തന്നെ കോടികളുടെ നിക്ഷേപവും വായ്പയും വിവിധ ബാങ്കുകളില്‍ കുടുംബശ്രീ യൂണിറ്റുകളുടേതായുണ്ട്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്താണ് ബാങ്കിംഗ് മേഖലയിലേക്ക് നേരിട്ട് കടന്നാലോ എന്നാലോചിച്ചത്. മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വിവിധ ബാങ്കുകള്‍ നല്‍കിയിരിക്കുന്ന വായ്പ 4132 കോടിയാണ്. ഇതുവരെ നല്‍കിയിട്ടുള്ള വായ്പയുടെ ആകെ മൂല്യ 20,3412 കോടിയാണ്. തീര്‍ന്നില്ല ലഘു സമ്പാദ്യങ്ങളായി വിവിധ ബാങ്കുകളിലായി 5061 കോടിയോളം കുടുംബശ്രീ അംഗങ്ങളുടെ നിക്ഷേപവുമുണ്ട്.
വിവിധ ബാങ്കുകളില്‍ വലിയൊരു തുക നിക്ഷേപമായി ഉള്ളതിനാല്‍ റിസര്‍വ് ബാങ്കിന്റെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിംഗ് ലൈസന്‍സ് നേടിയെടുക്കാന്‍ എളുപ്പമാണ്. 200 കോടിയുടെ മൂലധനമുണ്ടെങ്കില്‍ ഇത്തരം ബാങ്കിംഗ് ലൈസന്‍സിന് അപേക്ഷിക്കാനാവും. കുടുംബശ്രീയുടെ ഗവേണിംഗ് ബോഡി യോഗം ബാങ്കിംഗ് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ബാങ്ക് യാഥാര്‍ത്ഥ്യമായാല്‍ ഇപ്പോള്‍ ചിതറിക്കിടക്കുന്ന കുടുംബശ്രീയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ഒരു കുടക്കീഴിലാവും. ഒപ്പം കുറഞ്ഞ പലിശക്ക് അംഗങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനും സാധിക്കും