ദില്ലി: എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരായ(kv thomas) നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും . എകെ ആന്റണി അധ്യക്ഷനായ അഞ്ചംഗസമിതിയാകും നടപടി തീരുമാനിക്കുക. ആദ്യപടിയായി കെ വി തോമസിനോട് വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും തുടര്‍ നടപടി. കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെപിസിസിയുടെ ശുപാര്‍ശഅച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത് അയച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങള്‍ കൊടുത്തതില്‍ സഹതപിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു. സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമയെന്ന് അദ്ദേഹത്തെ വിളിച്ചത്.
മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്ന് വന്നെന്ന് പറയുന്ന തോമസിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം വേദിയില്‍ സഖാക്കളെ എന്ന് വിളിച്ച് പിണറായിയെ പുകഴ്ത്തിയുള്ള പ്രസംഗം തീര്‍ന്നതിന് പിന്നാലെയാണ് തോമസിനെതിരെ കെപിസിസി, എഐസിസി പ്രസിഡന്റിന് കത്തയച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ തോമസ് നടത്തിയ വാര്‍ത്താസമ്മേളനവും സെമിനാറില്‍ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവര്‍ത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തില്‍ കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തുന്നു.കെ.വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുന്‍നിലപാട്. എന്നാല്‍ എഐസിസി അംഗമായതിനാല്‍ തോമസിനെതിരായ നടപടി ഹൈക്കമാന്‍ഡ് കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് കെപിസിസി പന്ത് ദില്ലിക്ക് തട്ടിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നതടക്കമുള്ള കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കാനാണ് സാധ്യത. സെമിനാറിന് പോകുമെന്ന പ്രഖ്യാപനത്തോടെ തന്നെ കോണ്‍ഗ്രസ്സും കെ.വി തോമസും തമ്മിലെ ബന്ധം മുറിഞ്ഞതാണ്.
കണ്ണൂരില്‍ പോകും മുമ്പ് നടപടി എടുത്തുള്ള രക്തസാക്ഷി പരിവേഷം ഒഴിവാക്കാനാണ് സെമിനാര്‍ വരെ കാത്തിരുന്നത്. തോമസിനെതിരായ സംസ്ഥാന നേതൃത്വതത്തിന്റെ അതിവേഗ നീക്കങ്ങളിലും പരാമര്‍ശങ്ങളിലും കെ മുരളീധരനടക്കമുള്ള ഒരുവിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ സിപിഎം വേദിയിലെത്തിയുള്ള തോമസിന്റെ പിണറായി സ്തുതിയും കെ റെയില്‍ പിന്തുണയും വഴി പാര്‍ട്ടിയില്‍ തോമസിനോട് മൃദുസമീപനമുള്ളവരും ഇനി തിരുത്തുമെന്നാണ് കെപിസിസി പ്രതീക്ഷ.