തിരുവനന്തപുരം: സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പിവി അന്‍വര്‍ അന്‍വര്‍ എംഎല്‍എ. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്നും മതേതരത്തില്‍ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേര്‍ത്ത് ആയിരിക്കും പുതിയ പാര്‍ട്ടിയെന്നും അന്‍വര്‍ പറഞ്ഞു.
ഹിന്ദുവായ ഒരാള്‍ പാര്‍ട്ടി വിട്ടാല്‍ സംഘി, മുസ്ലീം വിട്ടാല്‍ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ ആരുണ്ടാക്കിയതാ ?സിപിഎം എന്നും അന്‍വര്‍ നിലമ്പൂരില്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ നിന്ന് പുറത്തുവന്നതിന് ശേഷമാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. അതിനിടെ, ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അന്‍വര്‍ രൂക്ഷവിമര്‍ശനവും നടത്തി. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‌മെന്റ് നടത്തിയെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.
അഭിമുഖത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാര്‍ത്ത തെറ്റെങ്കില്‍ എന്തുകൊണ് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി 32 മണിക്കൂര്‍ കഴിഞ്ഞ് ചര്‍ച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ ആരോപിച്ചു. കരിപ്പൂര്‍ എന്ന വാക്ക്, കോഴിക്കോട് എയര്‍പോര്‍ട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയില്‍ നിന്ന് കേട്ടു. സ്വര്‍ണക്കള്ളക്കടത്തില്‍ ധൈര്യമുണ്ടങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തട്ടേയെന്നും അന്‍വര്‍ വെല്ലുവിളിച്ചു.
അതേസമയം, വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിരോധം തീര്‍ക്കുകയാണ് സിപിഎം മന്ത്രിമാര്‍. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാന്‍ പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്നും മാധ്യമങ്ങള്‍ പ്രശ്‌നങ്ങള്‍ വളച്ചൊടിച്ച് മുഖ്യമന്ത്രിക്കെതിരെ ആക്കുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു.