സര്‍ക്കാര്‍ ജീവനക്കാരുെട പെന്‍ഷന്‍ പ്രായം 57 ആക്കാന്‍ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 57 ആക്കണം എന്ന് ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ. എയ്ഡഡ് നിയമനത്തില്‍ ഇടപെടല്‍ വേണമെന്നും ശുപാര്‍ശയുണ്ട്. എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ റിക്രൂട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കണം. മാനേജ്‌മെന്റുകള്‍ക് ഉള്ള പൂര്‍ണ്ണ അധികാരം മാറ്റണം. ബോര്‍ഡില്‍ മാനേജ്‌മെന്റ് പ്രതിനിധിയും ആവാം എന്നും ശുപാര്‍ശയില്‍ പറയുന്നു.
റിക്രൂട്‌മെന്റ് ബോര്‍ഡ് നിലവില്‍ വരും വരെ നിയമനം നിരീക്ഷിക്കാന്‍ ഓംബുഡ്‌സ്മാനെ വെക്കണമെന്നും മോഹന്‍ദാസ് കമ്മീഷന്റെ അന്തിമറിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കി. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശപാര്‍ശ ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ 5 ആക്കി കുറയ്ക്കണം. ജോലി ചെയ്യുന്ന സമയം വര്‍ധിപ്പിക്കണം. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കണം. വര്‍ഷത്തിലെ അവധി ദിനങ്ങള്‍ 12 ആക്കി കുറയ്ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കേണ്ടതുള്ളൂ. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. വര്‍ക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥര്‍ക്ക് മാറിമാറി അവസരം നല്‍കണം.
ചെലവ് കുറയ്ക്കുന്നതിനായി പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക. കാലികമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കണം എന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
എയ്ഡഡ് നിയമനരംഗത്തെ ക്രമക്കേടുകള്‍ ഒഴിവാക്കാനാണ് ശുപാര്‍ശകളെന്ന് ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ മോഹന്‍ദാസ് പ്രതികരിച്ചു. ആയുര്‍ദൈര്‍ഘ്യം പരി?ഗണിച്ചാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ശുപാര്‍ശ. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയും ശുപാര്‍ശകള്‍ക്ക് കാരണമായി. സര്‍ക്കാര്‍ ജോലികള്‍ ഡിജിറ്റലൈസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.ഇതിലൂടെ വീടുകളിലിരുന്ന് തന്നെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.