യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‌കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും പുതിയ രീതി പിന്തുടരുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലുമായിരിക്കും അവധി. 2022 ജനുവരി ഒന്ന് മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
സ്‌കൂളുകളുടെയും കോളേജുകളുടെയും അവധി സംബന്ധിച്ച് ഉടനെ തന്നെ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറപ്പെടുവിക്കും. ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങള്‍ക്ക് പകരം നാലര ദിവസത്തെ പ്രവൃത്തി ദിനങ്ങളും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും അവധിയും പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് അധികൃതര്‍ അറിയിപ്പ് പുറപ്പെടുവിച്ചത്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ അബുദാബി, ദുബൈ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളും പുതിയ രീതിയിലേക്ക് മാറും.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെയായിരിക്കും പുതിയ അറിയിപ്പ് അനുസരിച്ചുള്ള പ്രവൃത്തി ദിനങ്ങള്‍. വെള്ളിയാഴ്ച 12 മണിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. വെള്ളിയാഴ്ചകളില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന് സമാനമായ തരത്തിലായിരിക്കും പ്രവൃത്തി സമയം ക്രമീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.