മുംബൈ: ഇന്ത്യന്‍ അതിസമ്പന്നന്‍ ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോര്‍ട്ട്. രഹസ്യമായി സ്വന്തം കമ്പനികളില്‍ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. നിഴല്‍ കമ്പനികള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങള്‍ക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമമെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദാനിക്ക് കുരുക്കായി പുതിയ കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ശാഖകളുള്ള ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് എന്ന കൂട്ടായ്മയാണ് പുതിയ തെളിവുകള്‍ പുറത്തുവിട്ടത്. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേര്‍ വഴി വിദേശത്തെ നിഴല്‍ കമ്പനികളിലൂടെ അദാനിയുടെ കമ്പനികളില്‍ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
ഇത്തരത്തില്‍ നിക്ഷേപം നടന്നത് 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകള്‍ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴല്‍ കമ്പനികള്‍ക്ക് നല്‍കും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരില്‍ സ്വന്തം ഓഹരികള്‍ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയര്‍ത്തി അദാനി പണം തട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡിആര്‍ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഇത് അറിയാമായിരുന്നെന്നും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിദേശ മാധ്യമങ്ങളായ ഗാര്‍ഡിയനും ഫിനാന്‍ഷ്യല്‍ ടൈംസുമാണ് റിപ്പോര്‍ട്ട് ഉദ്ദരിച്ച് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. ആരോപണങ്ങള്‍ പാടേ തള്ളുകയാണ് അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും ഗ്രൂപ്പ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഒസിസിആര്‍പിക്ക് അമേരിക്കന്‍ വ്യവസായിയും മോദി വിമര്‍ശകനുമായ ജോര്‍ജ് സോറോസുമായി ബന്ധമുണ്ടെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില ഇടിഞ്ഞു.