ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ ചാലക്കുടി മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കും. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി ആലോചിക്കുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങള്‍ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഈ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എംപി ബെന്നി ബഹന്നാന്‍ തന്നെയാവും മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അതേസമയം സിപിഎം സിഎം രവീന്ദ്രനാഥിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ ബിജെപിയില്‍ പോകുന്നതെന്നും മനസമ്മാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. അതേസമയം പത്മജയുടെ ചുവടുമാറ്റം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി വിഷയം ആയുധമാക്കി മുന്നോട്ട് പോവുകയാണ് സിപിഎമ്മും ഇടതുമുന്നണിയും.
പത്മജയുടെ ബിജെപി പ്രവേശം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തിക്കൊണ്ടാണ് ഇടതുമുന്നണി ഈ വിഷയം ഉയര്‍ത്തിക്കാട്ടുന്നത്. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഉന്നയിച്ചുകൊണ്ടാവും ഇത് രാഷ്ട്രീയ ആയുധമാക്കുന്നത്. കോണ്‍ഗ്രസ് - ബിജെപി ഇഴയടുപ്പം പ്രചാരണ വേദിയില്‍ ഉന്നയിക്കും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പത്മജയുടെ കൂറുമാറ്റം സഹായിക്കുമെന്നാണ് കരുതുന്നത്. ഇടതുമുന്നണിയോഗം നാളെ നടക്കുന്നുണ്ട്. ഇതില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും. നാളെ വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് മുന്നണി യോഗം.