കല്‍പ്പറ്റ: വീല്‍ചെയറില്‍ ഇരുന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമാന നേട്ടം കൊയ്ത . ഷെറിന്‍ ഷഹാനയെ വീട്ടിലെത്തി കണ്ട് മന്ത്രി എം.ബി രാജേഷ്. എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങള്‍ക്ക് സൂര്യതേജസുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊരുതിനേടുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഷഹാനയുടെ ഈ നിശ്ചയദാര്‍ഢ്യവും തളരാത്ത പോരാട്ടവീറും സമാനതകളില്ലാത്ത ഇച്ഛാശക്തിയും ഒരുപാട് മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രചോദനത്തിന് കാരണമാകും- ഷെറിന്‍ ഷഹാനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ആറ് വര്‍ഷം മുന്‍പ് വീട്ടിലെ ടെറസില്‍ നിന്ന് വീണാണ് ഷഹാനയ്ക്ക് നട്ടെല്ലിന് ഗുരുതര പരിക്കേറ്റത്. ഉണക്കാനിട്ട തുണി എടുക്കാന്‍ വീടിന്റെ രണ്ടാം നിലയില്‍ കയറിയ ഷഹാന കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ രണ്ട് വാരിയെല്ലുകള്‍ പൊട്ടി. ഓര്‍മ പോലും നഷ്ടമായ ഷെറിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടായേക്കില്ലെന്നാണ് അന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചത്. അവിടെ നിന്നുള്ള തുടര്‍ പോരാട്ടമാണ് ഷെറിന്‍ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും ഇപ്പോള്‍ സിവില്‍ സര്‍വീസില്‍ 913 റാങ്കും നേടിയെടുക്കാനായത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രകാശം പരത്തുന്നൊരു പെണ്‍കുട്ടിയെക്കുറിച്ചാണ് ഈ കുറിപ്പ്. നിരാശയുടെയും തകര്‍ച്ചയുടെയും തമോഗര്‍ത്തങ്ങളില്‍ നിന്ന്, അസാധ്യമെന്ന് തോന്നിച്ച വെളിച്ചത്തിന്റെ ഉയരമെത്തിപ്പിടിച്ച പോരാളിയായ ഒരുവള്‍. ഷെറിന്‍ ഷഹാന. വയനാട്ടിലെ അദാലത്ത് കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് കമ്പളക്കാട്ടെ വീട്ടിലെത്തി ഷെറിന്‍ ഷഹാനയെ കണ്ടു. സ്‌കൂളില്‍ പോയിട്ടില്ലാത്ത ബാപ്പ, നാലാം ക്ലാസ് വരെ മാത്രം പഠിച്ച ഉമ്മ, ആ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഷഹാന പഠിച്ചുമുന്നേറി. പിജിക്ക് പഠിക്കുമ്പോള്‍ വിവാഹം. കൊടിയ ഗാര്‍ഹിക പീഡനങ്ങള്‍ കൊണ്ട്, വിവരണാതീതമായ ഒരു ദുരന്തമായി അവസാനിച്ച വിവാഹജീവിതം.
ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞു മുറിവേല്‍പ്പിച്ച് ഷവറിന് താഴെക്കൊണ്ടുപോയി നിര്‍ത്തി, ആ മുറിവിലേക്ക് തണുത്ത വെള്ളം വീഴുമ്പോഴുള്ള സഹിക്കാനാകാത്ത വേദനകൊണ്ട് താന്‍ പുളയുന്നത് കണ്ട്, ആര്‍ത്തട്ടഹസിച്ച് ചിരിച്ച ഭര്‍ത്താവിനെക്കുറിച്ച് ഷഹാന ഒരിക്കല്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയിട്ടുണ്ട്. പരാജയത്തില്‍ കലാശിച്ച, ദുസ്വപ്നങ്ങളില്‍ പോലും ഓര്‍ക്കാന്‍ ആഗ്രഹമില്ലാത്ത ആ വിവാഹ ജീവിതത്തിന്റെ ക്ഷതം വിട്ടുമാറും മുന്‍പ്, ഷഹാനയെ എന്നന്നേക്കുമായി വീല്‍ചെയറിലെത്തിച്ച അപകടവും നടന്നു. ഉണക്കാനിട്ട തുണി എടുക്കാന്‍ വീടിന്റെ രണ്ടാം നിലയില്‍ കയറിയതാണ്. കാല് വഴുതി താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ് വീല്‍ ചെയറിനെ ആശ്രയിക്കേണ്ട സ്ഥിതിയിലായി.
ഈ ദുരന്തങ്ങളൊന്നും ഷഹാനയിലെ പോരാളിയെ തളര്‍ത്തിയില്ല. ഈ ക്ഷതങ്ങളും വേദനകളും ഉള്ളിലൊതുക്കിപ്പിടിച്ച് വീല്‍ചെയറിലിരുന്ന് ഷഹാന സിവില്‍ സര്‍വ്വീസ് സ്വപ്നം കണ്ടു. അതിനുവേണ്ടി കഠിനമായി അധ്വാനിച്ചു. നാലാം ക്ലാസുകാരിയായ ഉമ്മയും, സ്വീഡനില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ പി എച്ച് ഡി ചെയ്യുന്ന സഹോദരിയും, മറ്റ് രണ്ട് സഹോദരിമാരും കട്ടയ്ക്ക് ഒപ്പം നിന്നു. തന്റെ മകള്‍ സിവില്‍ സര്‍വ്വീസുകാരി ആകുമെന്ന് മറ്റാരേക്കാള്‍ തീര്‍ച്ച ഉമ്മയ്ക്കുണ്ടായിരുന്നു എന്ന് ഷഹാന പറഞ്ഞു. ഒടുവില്‍ ഷഹാനയുടെ ആഗ്രഹം സഫലമായി, ഉമ്മയുടെ തീര്‍ച്ച ശരിയുമായി. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഷഹാന വിജയം നേടി.
അതിനിടയില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വീണ്ടും ഒരു ദുരന്തം കൂടി ഏറ്റുവാങ്ങേണ്ടിവന്നു ഷഹാനയ്ക്ക്. ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴാണ് സിവില്‍ സര്‍വ്വീസ് വിജയത്തിന്റെ മധുരവാര്‍ത്ത എത്തുന്നത്. എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങള്‍ക്ക് സൂര്യതേജസുണ്ട്. പൊരുതിനേടുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഷഹാനയുടെ ഈ നിശ്ചയദാര്‍ഢ്യവും തളരാത്ത പോരാട്ടവീറും സമാനതകളില്ലാത്ത ഇച്ഛാശക്തിയും ഒരുപാട് മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രചോദനത്തിന് കാരണമാകും എന്ന് തോന്നിയത് കൊണ്ടാണ്, ആ കൂടിക്കാഴ്ചയെക്കുറിച്ച് ഇവിടെ പങ്കുവെക്കുന്നത്. ഷഹാനയ്ക്ക്