ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യല്‍ തീയതി നീട്ടിയേക്കും
2020-21 ലെ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടിയേക്കും. പുതിയതായി പുറത്തിറക്കിയ പോര്‍ട്ടലിലെ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം.
പുതിയ വെബ്സൈറ്റിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിട്ടും പ്രശ്നം പരിഹരിക്കാതെവന്നതോടെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് എംഡി സലില്‍ പേഖിനെ ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 15നകം തകരാറുകള്‍ പരഹരിക്കാന്‍ അന്ത്യശാസനവും നല്‍കി.
ഇതിനുമുമ്പ് ജൂണ്‍ 22നും ഇന്‍ഫോസിസുമായി ധനമന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. മൂന്നാഴ്ച സമയംനല്‍കിയിട്ടും പരിഹാരം ഇല്ലാതെവന്നതോടെയാണ് എംഡിയെ വിളിച്ചുവരുത്തിയത്. ജൂണ്‍ ഏഴിനാണ് പോര്‍ട്ടല്‍ നിലവില്‍ വന്നത്.
പുതിയ പോര്‍ട്ടല്‍ അവതരിപ്പിച്ചത് കണക്കിലെടുത്തും കോവിഡ് വ്യാപനംമൂലവും റിട്ടേണ്‍ നല്‍കേണ്ട അവസാന തിയതി ജൂലായ് 31ല്‍നിന്ന് സെപ്റ്റംബര്‍ 30ലേക്ക് നേരത്തെ നീട്ടിയിരുന്നു. സെപ്റ്റംബര്‍ 15നകം തകരാര്‍ പരിഹരിച്ചാല്‍ 15 ദിവസമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ലഭിക്കുക.
ചുരുങ്ങിയ സമയംകൊണ്ട് പുതിയ സംവിധാനത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ചാര്‍ട്ടേണ്ട് അക്കൗണ്ടന്റുമാര്‍പോലും പറയുന്നു. നിലവിലെ സാഹചര്യത്തില്‍ റിട്ടേണ്‍ ചെയ്യേണ്ട തിയതി നീട്ടിനല്‍കണമെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സൊസൈറ്റി പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നുതവണയാണ് തിയതി നീട്ടിയത്. ജൂലായ് 31ല്‍നിന്ന് നവംബര്‍ 30 ആയും പിന്നീട് ഡിസംബര്‍ 31ആയും നീട്ടി. അവസാനം ജനുവരി 10വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കി.