ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു 


കൊല്‍ക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ  (80)അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാര്‍ധക്യസഹജവുമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. 

1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യകമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഡിവൈഎഫ്‌ഐയിലൂടെ പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. 1977ല്‍ ആദ്യമായി മന്ത്രിയായി. ജ്യോതി ബസു സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. പിന്നീട് ജോതി ബസുവിന് ശേഷം മുഖ്യമന്ത്രി പദത്തില്‍ എത്തി. ബംഗാള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും  ബാലിഗഞ്ചിലെ രണ്ട് മുറി ഫ്‌ളാറ്റിലായിരുന്നു ബുദ്ധദേബിന്റെ താമസം. കൊല്‍ക്കത്തയുടെ തിയേറ്ററുകളില്‍ നാടകവും സിനിമയും കാണാന്‍ അധികാരത്തിന്റെ ജാടകളില്ലാതെ അദ്ദേഹം എത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് രീതികളും ലാളിത്യവും  മുഖ്യമന്ത്രിയായിരുന്ന കാലത്തും തിരിച്ചടികള്‍ നേരിട്ട കാലത്തും കൈവിടാത്ത വ്യക്തിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. 

യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച് കമ്യൂണിറ്റ് പാതയിലൂടെ വളര്‍ന്ന ബുദ്ധദേവ് പത്ത് വര്‍ഷം റൈറ്റേഴ്‌സ് കെട്ടിടത്തില്‍ ഇരുന്ന് ബംഗാള്‍ ഭരിച്ചു. ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിര്‍ണായകമായ പത്ത് വര്‍ഷങ്ങളായിരുന്നു അത്. ജ്യോതിബസുവിന്റെ പിന്‍മുറക്കാരന്‍ ആരാകുമെന്നതിന് ആശയക്കുഴപ്പം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ വികസന നയത്തില്‍ ആശയക്കുഴപ്പം ദൃശ്യമായിരുന്നു. അധികാരം ഏറ്റെടുത്ത ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാര്‍ട്ടി നയം മാറ്റി ബംഗാളില്‍ വികസനം കൊണ്ടുവരാനാണ് ശ്രമിച്ചത്. സ്വകാര്യകമ്പനികളിലൂടെ സംസ്ഥാനത്ത് നിക്ഷേപം എത്തിച്ച് വികസനമുരടിപ്പും തൊഴിലില്ലായ്മയും മാറ്റുക എന്ന ലക്ഷ്യം ബുദ്ധദേബ് ആവര്‍ത്തിച്ചു. ഭരണത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ ഐടി രംഗത്തെയടക്കം മുന്നേറ്റം ബുദ്ധദേവിനും സര്‍ക്കാരിനും കൈയ്യടി നേടികൊടുത്തു. 2006ല്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ മടങ്ങിയെത്തിയെങ്കിലും ബുദ്ധദേബിനെ കാത്തിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. കടുപ്പമേറിയ തീരുമാനങ്ങള്‍ ബുദ്ധദേവ് സര്‍ക്കാരിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അടിത്തറിയിളക്കുന്നതിലാണ് കൊണ്ടു ചെന്നെത്തിച്ചത്. 2007ല്‍ നന്ദിഗ്രാമില്‍  ബുദ്ധദേവ് നടപ്പാക്കാനാഗ്രഹിച്ചത് വ്യവസായിക വിപ്ലവമായിരുന്നു. എന്നാല്‍ സമരങ്ങളും വെടിവെപ്പും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിനും തൃണമൂലിന്റെയും മമതയുടെയും ഉയര്‍ച്ചക്കുമാണ് വഴിവെച്ചത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media