എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും;കുറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം: ഹര്‍ഷിന 
 



കോഴിക്കോട്: വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ഹര്‍ഷിന. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവുമെന്നും സമരം തുടരുമെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടണം. എത്ര മൂടി വച്ചാലും സത്യം പുറത്ത് വരുമെന്ന് ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞതില്‍ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞു. വീട്ടമ്മയായ തന്നെ തെരുവില്‍ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴച്ചു. തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവര്‍ക്കും അറിയാം. കുറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. ഇനിയൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹര്‍ഷിന പറഞ്ഞു. 

സംഭവത്തില്‍ നിര്‍ണായകമായത് എംആര്‍ഐ റിപ്പോര്‍ട്ട് ആണ്.  കൊല്ലത്തെ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ പരിശോധനയാണ് വഴിത്തിരിവായത്. എംആര്‍ഐ പരിശോധനയില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. മെഡിക്കല്‍ കോളേജിലെ പ്രസവ ശസ്ത്രക്രിയയ്ക്ക് മുമ്പായിരുന്നു ഇത്.  2017 നവംബര്‍ 30 ന് ആയിരുന്നു മെഡിക്കല്‍ കോളേജിലെ പ്രസവ ശസ്ത്രക്രിയ.  2017 ഫെബ്രുവരിയില്‍ ആയിരുന്നു കൊല്ലത്ത് വച്ച് ഹര്‍ഷിന എംആര്‍ഐ ടെസ്റ്റ് നടത്തിയത്. 

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തല്‍ പുറത്തുവന്നിരുന്നു. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തല്‍. 2017 ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചെടുത്ത എംആര്‍ഐ സ്‌കാനില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 

സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹര്‍ഷിനയുടെ ശരീരത്തില്‍ കത്രിക കുടുങ്ങിയത്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടര്‍ നടപടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം എന്നും നിര്‍ദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് റിപ്പോര്‍ട്ട് വിലയിരുത്തും. 

2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രികയുമായി യുവതി 5 വര്‍ഷം വേദന തിന്നു. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്‌തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ കത്രിക കണ്ടെത്തുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media