ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
11.40 പ്രധാനമന്ത്രി പത്രിക സമര്‍പ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ 11.40 മുതല്‍ പത്രിക സമര്‍പ്പണ നടപടികള്‍ ആരംഭിക്കുന്നത് എന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചത്. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം, പ്രാര്‍ത്ഥന, പൂജ എന്നിവ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കാനെത്തിയത്.
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എന്‍ഡിഎ നേതാക്കളും മുതിര്‍ന്ന ബിജെപി നേതാക്കളും എത്തിച്ചേര്‍ന്നിരുന്നു. വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയില്‍ ഒപ്പുവെയ്ക്കാന്‍ മോദി തെരഞ്ഞെടുത്തത്. ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദളിത് വിഭാ?ഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ എന്നിവരാണ് മോദിയുടെ പത്രികയില്‍ ഒപ്പുവെച്ചത്.
നാമ നിര്‍ദേശ പത്രിക സമര്‍പ്പണത്തി്‌ന് മുന്നോടിയായി വാരാണസിയില്‍ ഇന്നലെ മോദി റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആയിരുന്നു 5 കി.മി. നീണ്ട റോഡ് ഷോ. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയില്‍ ജനവിധി തേടുന്നത്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ലഭിക്കും എന്നാണ് ബിജെപിയുടെ അവകാശവാദം. വാരാണസിയില്‍ 10 വര്‍ഷം നടപ്പാക്കിയ പദ്ധതികള്‍ വിവരിക്കുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.