തിരുവനന്തപുരം : നിയമസഭാ സംഘര്‍ഷത്തില്‍ വാദി പ്രതിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ന് സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഒമ്പത് മിനിറ്റിനുള്ളില്‍ പിരിഞ്ഞിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് പ്രതിപക്ഷത്തിന്റെ ബഹളം രൂക്ഷമായത്. 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കെ കെ രമയുടെ പരാതിയില്‍ ഇതുവരെ കേസെടുത്തില്ലെന്ന് സതീശന്‍ പറഞ്ഞു. ഇനി സര്‍ക്കാര്‍ പരിപാടികളോട് സഹകരിക്കില്ല. മുഖ്യമന്ത്രിയുടെ ദാര്‍ഷ്ട്യം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ന് ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാനാകാതെ സഭ പിരിയുകയായിരുന്നു. ഇനി തിങ്കളാഴ്ചയാണ് സഭ വീണ്ടും ചേരുക. എന്നാല്‍ സഭ ചേരുമ്പോഴും സ്ഥിതി മറിച്ചാകില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ സഹകരണമുണ്ടാകില്ലെന്ന വെളിപ്പെടുത്തല്‍.
സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അല്ല. പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്. ഭരണപക്ഷത്തിന്റെ ഔദാര്യം കൈപ്പറ്റുന്നവരല്ല പ്രതിപക്ഷം. റൂള്‍ 50 പ്രതിപക്ഷത്തിന്റെ അവകാശമാണ്. അവകാശ സംരക്ഷണത്തിനു വേണ്ടിയാണ് പ്രതിപക്ഷം തീവ്ര സമരവുമായി മുന്നോട്ടുപോകുന്നത്. ഒരു അതിക്രമവും പ്രതിപക്ഷം കാണിച്ചിട്ടില്ല. ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ സിപിഎമ്മിന്റെ ഗുണ്ട പോലെയാണ് പെരുമാറിയത്. എംഎല്‍എമാര്‍ക്ക് വരെ കള്ള പരാതികളാണ്.
എംഎല്‍എമാര്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാര്‍ക്ക് എങ്ങനെയാണ് നീതി കിട്ടുക. ഒരു ഒത്തുതീര്‍പ്പിനും ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം ഇല്ല. മുഖ്യമന്ത്രിയുടെ ഒരു ധാഷ്ട്യവും നടക്കില്ല. എത്ര ഒഴിഞ്ഞു മാറിയാലും മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ഒരു നടപടികളോടും സഹകരിക്കില്ല. സര്‍ക്കാറിന്റെ ഒരു പരിപാടികളോട് സഹകരിക്കില്ല. ഒരു സഭാ ടിവിക്കും മൂടിവെക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശബ്ദം. കേരളത്തിലെ മാധ്യമങ്ങള്‍ അത് പുറത്തു വിടുമെന്നും സതീശന്‍ പറഞ്ഞു.
ു