തലസ്ഥാനത്തും മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നു : മോന്‍സണ്‍ മാവുങ്കല്‍
കൊച്ചി:തലസ്ഥാനത്തും മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നതായി മോന്‍സണ്‍ മാവുങ്കല്‍. സംസ്‌കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും, ചാനലിന് 10 ലക്ഷം രൂപ കൈമാറിയെന്നും മൊന്‍സന്‍ വെളിപ്പെടുത്തി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.
പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന കോടികള്‍ തട്ടിപ്പ് നടത്തിയ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ കൂടുതല്‍ തെളിവുകള്‍ തേടുകയാണ് അന്വേഷണ സംഘം. 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ മീനച്ചില്‍ സ്വദേശി രാജീവിനെ പറ്റിച്ച് ഒരു കോടി 72 ലക്ഷം രൂപ തട്ടിയ കേസിലുമായി 8 ദിവസം മോന്‍സണെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ ചോദ്യം ചെയ്തെങ്കിലും ഇയാള്‍ അന്വേഷണ സംഘത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് പുതിയ കേസുകള്‍ മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കം ക്രൈം ബ്രാഞ്ച് സംഘം നടത്തുന്നത്. നിലവില്‍ 5 കേസുകളാണ് മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരോ കേസിലുമുളള അന്വേഷണം പുരോഗമിക്കുകയാണ്.