അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂഡല്‍ഹി: അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സംസ്ഥാനത്ത് സജീവമാക്കാനാണ് ക്യാപ്റ്റന്റെ നീക്കം.
പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായി അമരീന്ദര്‍ സിങ് ഇന്ന് ചണ്ഡീഗഢില്‍ പത്രസമ്മേളനം വിളിച്ചിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന് ദിവസങ്ങള്‍ക്കകം തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം അമരീന്ദര്‍ സിങ് നടത്തിയിരുന്നു. തിരഞ്ഞടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന അമരീന്ദറിന്റെ പ്രഖ്യാപനത്തെ ബി.ജെ.പി പഞ്ചാബ് ഘടകം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
'കോണ്‍ഗ്രസ് തീരുമാനിച്ചു ഞാന്‍ പുറത്ത് പോണമെന്ന്. പക്ഷെ അതുകൊണ്ട് ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്നില്ലല്ലോ. ഇനിയും എനിക്കൊരുപാട് കാര്യങ്ങള്‍ പഞ്ചാബിനായി ചെയ്യാനുണ്ട്. മൊറാര്‍ജി ദേശായി 92ാം വയസ്സിലാണ് പ്രധാനമന്ത്രിയാവുന്നത്. പ്രകാശ് ബാദല്‍ എന്നേക്കാള്‍ 15 വയസ്സ് മുതിര്‍ന്നയാളാണ്. പിന്നെ ഞാന്‍ എന്തിന് മാറി നില്‍ക്കണം' - സി.എന്‍.എന്‍ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ അമരീന്ദര്‍ പറഞ്ഞു
പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ധുവിനെതിരേ കടുത്ത ആക്രമണം അഴിച്ചുവിടാനും അമരീന്ദര്‍ മടിച്ചിരുന്നില്ല. സിദ്ധുവിനെ പാര്‍ട്ടി
പ്രസിഡന്റ് ആക്കിയതോടെയാണ് പഞ്ചാബിലെ കോണ്‍ഗ്രസിന്റെ നാശം ആരംഭിച്ചതെന്ന് അമരീന്ദര്‍ പറഞ്ഞു.