തിരുവനന്തപുരം : തീപ്പിടുത്തമുണ്ടായ സിംഗപ്പൂര്‍ കപ്പലില്‍ 2240 ടണ്‍ ഇന്ധനവുമുണ്ടെന്നതും അതിനടുത്തേക്ക് തീ പടര്‍ന്നിട്ടുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. 157 ഇനം അത്യന്തം അപായകരമായ വസ്തുക്കള്‍ കണ്ടെയ്‌നുകളിലുണ്ടെന്നാണ് കാര്‍ഗോ മാനിഫെസ്റ്റോയില്‍ നിന്നും ലഭിക്കുന്ന വിവരം. കണ്ടെയ്‌നറുകള്‍ തെക്കന്‍ കേരളാ തീരത്തേക്ക് എത്താനുള്ള സാധ്യതയുമേറുകയാണ്. കപ്പലില്‍ ആകെ 1754 കണ്ടെയ്‌നറുകളാണുള്ളത്. ഇതില്‍ 671 കണ്ടെയ്‌നുകള്‍ ഡെക്കിലാണ്. കാര്‍ഗോ മാനിഫെസ്റ്റ് പ്രകാരം, ഇതില്‍ 157 ഇനങ്ങള്‍ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര,ദ്രവ വസ്തുക്കളും കപ്പലിലുണ്ട്. 21,600 കി.ഗ്രാമിനടുത്ത് റെസിന്‍ സൊല്യൂഷന്‍ കപ്പലിലുണ്ടായിരുന്നു.പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതില്‍ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്.
പലതരം ആസിഡുകളും ആള്‍ക്കഹോള്‍ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്. ഇതിന് പുറമേ, 2000 ടണ്‍ കപ്പല്‍ ഓയിലും, 240 ടണ്‍ ഡീസല്‍ ഓയിലും കപ്പലിലുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്നും തെക്ക് കിഴക്കന്‍ ദിശയില്‍ കണ്ടെയ്‌നറുകള്‍ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ വിലയിരുത്തല്‍. വളരെ പതിയെ കണ്ടെയ്‌നറുകള്‍ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്‌നറുകള്‍ കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ നിലവില്‍ കാറ്റിന്റെ ഗതിയും വേഗവും, കണക്കിലെടുത്ത് തെക്കന്‍ തീരത്തേക്കും കണ്ടെയ്‌നുകള്‍ എത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.