ടെഹ്റാന്‍: മുന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതികശരീരം തെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ എത്തിച്ചു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ആണ് വെള്ളിയാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമനെയിയുടെ മൃതദേഹമടങ്ങിയ പെട്ടി വന്‍ ജനക്കൂട്ടത്തിന് നടുവിലൂടെ പള്ളിയിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വിലാപ ചടങ്ങുകളില്‍ പങ്കാളികളാകാനും തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമായി വന്‍ ജനസഞ്ചയമാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ നിരവധി ചടങ്ങുകളോടെയായിരിക്കും ഭൗതികശരീരം സംസ്‌കരിക്കുക.
ഫെബ്രുവരി 28-ന് ഇറാനില്‍ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് 86 കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. നീണ്ട 36 വര്‍ഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 4-ന് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ആരംഭിക്കും. തുടര്‍ന്ന് ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടും വടക്കുകിഴക്കന്‍ ഇറാനിലെ പുണ്യനഗരവുമായ മഷാദില്‍ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അയല്‍രാജ്യമായ ഇറാഖ് ഉള്‍പ്പെടെ അഞ്ച് നഗരങ്ങളിലായി ആറ് ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വരുന്ന ശനിയാഴ്ച ടെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ല പ്രാര്‍ത്ഥനാ സമുച്ചയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് തിങ്കളാഴ്ച ടെഹ്റാന്‍ നഗരവീഥികളിലൂടെ വിലാപയാത്ര നടക്കും. ജൂലൈ ഏഴിന് പുണ്യനഗരമായ കോമിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം, അവിടെയുള്ള ചടങ്ങുകള്‍ക്ക് ശേഷം ഇറാഖിലെ നജാഫ്, കര്‍ബല എന്നീ നഗരങ്ങളിലെ ചടങ്ങുകള്‍ക്കായും എത്തിക്കും. അതിനുശേഷം ജൂലൈ ഒമ്പതിന് ഇറാന്റെ വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ ഖമേനിയുടെ ജന്മനാട്ടില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.