ആദിവാസി ഗോത്ര വര്‍ഗത്തില്‍ നിന്ന് ഒരു വനിത ഇന്ത്യയുടെ രാഷ്ട്രപതിയായി. നമുക്കെല്ലാം അഭിമാനിക്കാവുന്ന നിമിഷം. ദ്രൗപതി മുര്‍മു രാഷ്ട്രപതിയായതിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ. അവയില്‍ വേറിട്ടു നില്‍ക്കുന്നൊരു പോസ്റ്റാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.പി. രാജശേഖരന്റേത്. ദ്രൗപതി മുര്‍മുവിന്റെ നേട്ടത്തിനൊപ്പം അട്ടപ്പാടിയിലെ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന ദുരവസ്ഥയിലേക്കും രാജശേഖരന്റെ പോസ്റ്റ് വെളിച്ചം വീശുന്നു. മധുവിനെ തല്ലിക്കൊന്നവര്‍ ഇപ്പോളും ശിക്ഷിക്കപ്പെട്ടില്ല. സാക്ഷികള്‍ കൂറുമാറുന്നു, തെളിവുകള്‍ നശിപ്പിക്കാനും കേസ് ഇല്ലാതാക്കാനുമുള്ള ശ്രമം വ്യാപകം. ഈ അവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട് രാജശേഖരന്‍ പറയുന്നു പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപതി മുര്‍മു വിളിച്ചു വരുത്തുന്ന ആദ്യ ഫയലാവണം അട്ടപ്പാടിലെ മധു കൊലക്കേസിന്റേതെന്ന്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇതുപോലൊരു രാജ്യം വേറേ ഏതുണ്ട് ചൂണ്ടിക്കാണിക്കാന്‍? ദരിദ്രരില്‍ ദരിദ്രയായി ജനിച്ച ഒരു ആദിവാസി ?ഗോത്രവര്‍?ഗ സ്ത്രീയെ രാഷ്ട്രപതിയാക്കിയ, ഒരു ചായക്കച്ചവടക്കാരനെ പ്രധാനമന്ത്രിയാക്കിയ, ചെത്തുകാരന്റെ മകനെ മുഖ്യമന്ത്രിയാക്കിയ ജനങ്ങളുള്ള ഒരു രാജ്യം. നമ്മുടെ സ്വപ്നങ്ങളെ ആകാശത്തോളം വളര്‍ത്താന്‍ ഇവരെക്കാള്‍ മികച്ച വേറേ ഏതുദാഹരണം വേണം? പ്രതിബന്ധങ്ങളെ പഴിക്കുന്നത് എത്ര അര്‍ഥശൂന്യമാണെന്നാണ് ഇവരോരുത്തരും നല്‍കുന്ന വലിയ പാഠം. വരാനിരിക്കുന്ന തലമുറകള്‍ക്കു നല്‍കുന്ന വലിയ പ്രചോദനവും.
ഈ സന്തോഷ വേളയില്‍ ഒരു ദുഃഖം കൂടി പങ്കു വയ്ക്കുന്നു. ദ്രൗപദി മുര്‍മുവിനു ജന്മം നല്‍കിയ അതേ ഇന്ത്യയുടെ നേരവകാശിയാണ് അട്ടപ്പാടിയിലെ മധുവും. ഒരു നേരത്തെ വിശപ്പടക്കാന്‍ സ്വന്തം നാട്ടിലെ കടയില്‍ നിന്ന് ഒരുപിടി അരി കട്ടെടുത്തതിനാണ് ഈ ആദിവാസി ദളിത് യുവാവിനെ നാട്ടുകൂട്ടം തല്ലിക്കൊന്നത്. അഞ്ചു വര്‍ഷമായിട്ടും ആ കേസ് ഇഴഞ്ഞുനീങ്ങുന്നു. ഇപ്പോള്‍ ഓരോ ദിവസവും സാക്ഷികള്‍ കൂറുമാറി കേസ് ദുര്‍ബലമാക്കുന്നു. ഈ പോക്ക് കണ്ടാല്‍ മധുവിന്റെ ഘാതകര്‍ ശിക്ഷിക്കപ്പെടുമെന്ന് കരുതാന്‍ വയ്യ. ഭീഷണിയും സമ്മര്‍ദവും മൂലം മധുവിന്റെ അമ്മയും സഹോദരങ്ങളും സ്വന്തം ഊരുവിട്ടോടാന്‍ തയാറെടുക്കുകയാണിപ്പോള്‍. അധികാരത്തിന്റെ ആരോഹണങ്ങള്‍ക്കൊപ്പം അധഃസ്ഥിതന്റെ അവരോഹണം കൂടി പരിഗണിക്കപ്പെടുമ്പോഴാണ് എല്ലാവര്‍ക്കും നീതി ഉറപ്പാകുന്നത്. പതിനഞ്ചാമത് രാഷ്ട്രപതി വിളിച്ചുവരുത്തുന്ന ആദ്യ ഫയലാകട്ടെ അട്ടപ്പാടിയിലെ മധുവിന്റെ കേസ്. ശ്രീമതി ദ്രൗപദി മുര്‍മുവിന് ആശംസകള്‍, വന്ദേ മാതരം!