കേരളത്തിൽ സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടര്‍ച്ചയായി മൂന്നാം ദിവസവും
കേരളത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു . തിങ്കളാഴ്ച്ച സ്വര്‍ണം പവന് 35,240 രൂപയും ഗ്രാമിന് 4,405 രൂപയുമാണ് സംസ്ഥാനത്ത് നിരക്ക്. ഫെബ്രുവരി ഒന്ന് കേന്ദ്ര ബജറ്റ് ദിനത്തില്‍ 36,800 രൂപ വിലനിലവാരം രേഖപ്പെടുത്തിയ സ്വര്‍ണത്തിന് അഞ്ചു ദിവസം കൊണ്ട് 1,800 രൂപയാണ് ഇടിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച്ച 35,000 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ആഭ്യന്തര വിപണിയില്‍ തിങ്കളാഴ്ച്ച സ്വര്‍ണം, വെള്ളി നിരക്കുകള്‍ നേരിയ ഇടിവ് കുറിച്ചിട്ടുണ്ട്.
എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.12 ശതമാനം ഇടിഞ്ഞ് 47,200 രൂപയിലെത്തി (10 ഗ്രാമിന്). തുടർച്ചയായ സെഷനിടെ സ്വര്‍ണത്തിന്റെ അഞ്ചാം വീഴ്ച്ചയാണ് ഇന്നത്തേത്. കിലോയ്ക്ക് 0.2 ശതമാനം ഇടിവോടെ 68,593 കിലോയില്‍ വെള്ളി നിരക്ക് എത്തിനില്‍ക്കുന്നു. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 1.2 ശതമാനവും വെള്ളി 2.8 ശതമാനവും കുതിപ്പ് കാഴ്ച്ചവെച്ചിരുന്നു. സ്വര്‍ണത്തിനും വെള്ളിക്കും കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതാണ് ഇന്ത്യയില്‍ സ്വര്‍ണവില കുറയാനുള്ള കാരണങ്ങളിലൊന്ന്.
തിങ്കളാഴ്ച്ച രാജ്യാന്തര കമ്പോളത്തില്‍ സ്വര്‍ണവില മാറിയിട്ടില്ല. ഓഹരി വിപണികളുടെ കുതിപ്പ് അടിസ്ഥാനപ്പെടുത്തി സ്വര്‍ണത്തിന്റെ ഔണ്‍സ് നിരക്ക് 1,811.80 ഡോളറായി തുടരുന്നു. 10 വര്‍ഷം കാലാവധിയുള്ള യുഎസ് ട്രഷറി ബോണ്ടുകള്‍ 1.17 ശതമാനം നേട്ടം കാഴ്ച്ചവെക്കുന്നതും സ്വര്‍ണത്തിന്റെ മാറ്റ് കുറയ്ക്കുന്നുണ്ട്. വെള്ളിയുടെ ഔണ്‍സ് നിരക്ക് 1.1 ശതമാനം കൂടി 27.12 ഡോളറും പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.7 ശതമാനം കൂടി 1,130.91 ഡോളറിലും വന്നുനില്‍ക്കുന്നു. 2,336.29 ഡോളറിലാണ് പലേഡിയത്തിന്റെ ഔണ്‍സ് നിരക്ക്.