പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിച്ചു
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഫീസ് എട്ടിരട്ടിയായിട്ടാണ് കൂട്ടിയിരിക്കുന്നത്. വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ വാഹനങ്ങള്‍ക്ക് ഇളവും പഴയ വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷന്‍, ഫിറ്റ്നസ് എന്നിവയ്ക്ക് വന്‍നിരക്കും നിശ്ചയിച്ച് റോഡ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍, പഴയവയ്ക്ക് 'വാഹനം പൊളിക്കല്‍ കേന്ദ്രം' നല്‍കുന്ന രേഖയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കില്ല. ഇതിനുപുറമേ 15 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ചരക്കു വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസും കുത്തനെ കൂട്ടി. അടുത്ത വര്‍ഷം ഏപ്രിലോടു കൂടിയായിരിക്കും പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നത്. ഇതാ വിവിധ വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷനും പുതുക്കിയ രജിസ്‌ട്രേഷനുമായി ഇനി മുതല്‍ മുടക്കേണ്ട നിരക്കുകള്‍ വിശദമായി അറിയാം.
സ്വകാര്യവാഹനങ്ങളുടെ പുതിയ രജിസ്ട്രേഷന്‍ ഫീസ് (ബ്രാക്കറ്റില്‍ പുനര്‍ രജിസ്ട്രേഷന്‍ ഫീസ് )
മോട്ടോര്‍ ബൈക്ക് -300 രൂപ (1000)
മുച്ചക്ര വാഹനങ്ങള്‍ -600 (2500)
കാര്‍, ജീപ്പ് തുടങ്ങിയവ -600 (5000)
ഇറക്കുമതിചെയ്ത കാറുകള്‍ -5000 (40,000)
വാണിജ്യവാഹനങ്ങളുടെ പുതിയ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പുതുക്കല്‍ നിരക്കും
മോട്ടോര്‍ ബൈക്ക് -500 രൂപ (1000)
മുച്ചക്ര വാഹനങ്ങള്‍ -1000 (3500)
ടാക്‌സി കാറുകള്‍ -1000 (7000)
ഇടത്തരം ചരക്ക്, യാത്രാവാഹനങ്ങള്‍ -1300 (10,000)
വലിയ ചരക്ക്, യാത്രാ വാഹനങ്ങള്‍ -1500 (12,500)
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുത്തിരിക്കുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. സംസ്ഥാനത്ത് മാത്രം ഇത്തരം 22,18,454 വാഹനങ്ങള്‍ പൊളിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.