അടിപൊളിയാവുന്നു ഗൂഗിള്‍ മാപ്‌സ്
ഉടന്‍ വരുന്നു നാല് പുത്തന്‍ അപ്‌ഡേറ്റുകള്‍
അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിള്‍ നല്‍കുന്ന ചില സേവനങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല. ഗൂഗിള്‍ സെര്‍ച്ച്, ഫോട്ടോസ്, മാപ്സ്, ജിമെയില്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ബദല്‍ മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും നാം എത്രകണ്ട് അവ ഉപയോഗിക്കുന്നുണ്ട്? ഗൂഗിള്‍ മാപ്പിന്റെ കാര്യം തന്നെയെടുക്കാം. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ മാത്രമല്ല ഐഓഎസ് ഉപഭോക്താക്കള്‍ പോലും വഴിയറിയാന്‍ ഇന്നേറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്‌സിനെയാണ്. ഇടക്കിടയ്ക്ക് നിര്‍ത്തി വഴി ചോദിക്കുക, ദിശ ബോര്‍ഡുകളിലേക്ക് കണ്ണും നട്ടിരിക്കുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഗൂഗിള്‍ മാപ്സ് വന്നതോടെ സ്ഥലം വിട്ടത്. കൃത്യമായ ഇടവേളകളില്‍ അവതരിപ്പിക്കുന്ന അപ്‌ഡേയ്റ്റുകളാണ് ഗൂഗിള്‍ മാപ്‌സിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നത്.
ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോര്‍ണിയയിലെ മൗണ്‍ടണ്‍ വ്യൂയില്‍ കഴിഞ്ഞ ആഴ്ച നടന്ന ഗൂഗിള്‍ ഐ/ഓ (Google I/O) ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ മാപ്സില്‍ ഈ വര്‍ഷം അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുത്തന്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മാപ്‌സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്ന പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം.കൂടുതല്‍ വ്യക്തതയുള്ള സ്ട്രീറ്റ് മാപ്പ് - കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ട്രീറ്റ് മാപ്പുകളാണ് ഈ വര്‍ഷമെത്തുക. ഓരോ നഗരങ്ങളിലെയും കാല്‍നടയാത്രക്കാര്‍ക്കുള്ള സീബ്ര ക്രോസ്സുകള്‍, അംഗവൈകല്യമുള്ളവര്‍ക്കുള്ള പാര്‍ക്കിങ്ങുകള്‍ എന്നിങ്ങനെയുള്ള സൂക്ഷ്മ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്സില്‍ തെളിയും. കാല്‍നട യാത്രക്കാര്‍ക്ക് കൂടുതല്‍ വിവരം നല്‍കും വിധമാണ് പുത്തന്‍ അപ്‌ഡേയ്റ്റ് ഒരുങ്ങുന്നത്.
മികച്ച ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ - മാപ്സില്‍ ഒരു സ്ഥലത്തേക്ക് നിങ്ങള്‍ നാവിഗേഷന്‍ ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ വളവുകള്‍ തമ്മില്‍ ആശയക്കുഴപ്പുണ്ടാവാം. ഉദാഹരണത്തിന് ഇടത്തോട്ട് രണ്ട് വളവുകള്‍ അടുത്തടുത്ത് മാപ്സില്‍ പ്രദര്‍ശിപ്പിച്ചാല്‍ ആദ്യത്തേതാണോ രണ്ടാമത്തേതാണോ നമുക്ക് പോകേണ്ടത് എന്ന സംശയം. പുത്തന്‍ അപ്‌ഡേയ്റ്റിന്റെ ഭാഗമായി കൂടുതല്‍ വ്യക്തതയുള്ള നാവിഗേഷന്‍ ഗൂഗിള്‍ ഉറപ്പ് വരുത്തും. ഒപ്പം റോഡ് എന്തെങ്കിലും കാരണത്താല്‍ ബ്ലോക്ക് ആണോ എന്ന് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നീക്ഷിച്ചാവും നാവിഗേഷന്‍ ഒരുക്കുക.
ഏറ്റവും സുരക്ഷിതമായ റൂട്ട് - നിലവില്‍ ഗൂഗിള്‍ മാപ്സ് ഉപയോക്താക്കളെ ഏറ്റവും വേഗതയേറിയ റൂട്ടുകള്‍ ആണ് പ്രദര്‍ശിപ്പിക്കുക. എന്നാല്‍ ഇനി ലക്ഷ്യസ്ഥാനത്തേക്ക് ഏറ്റവും സുരക്ഷിത റൂട്ടുകളും പ്രദര്‍ശിപ്പിക്കും. അതായത് വളരെയധികം അപകടങ്ങള്‍ കുറവുള്ളതും, കള്ളന്മാര്‍, കൊള്ളക്കാര്‍ എന്നിവരുടെ ശല്യം താരതമ്യേന കുറവുള്ള വഴികള്‍.
സമയം അനുസരിച്ച് ഗൂഗിള്‍ മാപ്സില്‍ സ്ഥലങ്ങള്‍ ഹൈലൈറ്റ് ചെയ്യും - ഓരോ ദിവസത്തെയും, സമയത്തെയും, സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെയും ആശ്രയിച്ച്, ഗൂഗിള്‍ മാപ്സ് ഓരോ ഉപയോക്താവിന് ഏറ്റവും പ്രസക്തമായ സ്ഥലങ്ങള്‍ ഹൈലൈറ്റ് ചെയ്തു കാണിക്കും. ഉദാഹരണത്തിന്, രാവിലെ ഗൂഗിള്‍ മാപ്സ് സമീപത്തുള്ള കോഫി ഷോപ്പുകളെ ഹൈലൈറ്റ് ചെയ്യും അതെ സമയം വൈകുന്നേരമാവുമ്പോള്‍ ജനപ്രിയ ഡിന്നര്‍ സ്‌പോട്ടുകളെയാണ് ഹൈലൈറ്റ് ചെയ്യുക.