തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂടും. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വര്‍ധന നടപ്പാക്കുക. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനാണ് വില വര്‍ധിപ്പിക്കുന്നത്. ഇവയുടെ എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ഗല്‍വനേജ് ഫീസിനത്തില്‍ 200 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിലവില്‍ നല്‍കുന്ന 1600 രൂപ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തില്‍ കൊടുത്ത് തീര്‍ക്കാനുള്ള പെന്‍ഷന്‍ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൊടുത്തു തീര്‍ക്കും. പെന്‍ഷന്‍ സമയബന്ധികമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി, അടുത്ത സാമ്പത്തിക വര്‍ഷം പെന്‍ഷന്‍ സമയബന്ധിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം മറ്റൊരു പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ആറ് ഗഡുവാണ് നിലവില്‍ കുടിശിക. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.