കണ്ണൂര്‍ തോട്ടടയിലെ ബോംബേറില്‍ പ്രധാന പ്രതി അറസ്റ്റില്‍. ഏച്ചൂര്‍ സ്വദേശി അക്ഷയ്യുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ബോംബെറിഞ്ഞത് ഏച്ചൂര്‍ സ്വദേശി മിഥുനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണുവിനും സുഹൃത്തുക്കളായ മിഥുനും അക്ഷയ്ക്കും ബോംബിനെക്കുറിച്ച് അറിയാമായിരുന്നു. ഒളിവില്‍ പോയ മിഥുനായി പൊലീസിന്റെ തെരച്ചില്‍ തുടരുകയാണെന്നും മൃതദേഹം മാറ്റുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ണൂര്‍ എസ് പി പ്രതികരിച്ചു.
അതേസമയം വിവാഹസംഘം വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് ബോംബെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണു എത്തിയത് ബേംബെറിഞ്ഞ സംഘത്തിനെപ്പമായിരുന്നു. പതിനേഴോളം പേര്‍ വരുന്ന സംഘമെത്തിയത് ഒരേ വാഹനത്തിലാണെന്നും ദൃക്സാക്ഷി പറഞ്ഞു. ബോംബേറ് നടന്ന സമയത്തെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. വിവാഹത്തലേന്ന് ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടായെന്നാണ് വിവരം. പാട്ടിനെയും, നൃത്തത്തെച്ചൊല്ലിയുമായിരുന്നു തര്‍ക്കം. പിറ്റേന്ന് ആസൂത്രിതമായി ബോംബുമായെത്തി. സ്ഫോടനത്തിന് പിന്നാലെ സംഘം വാനില്‍ കയറി രക്ഷപ്പെടുകയായിരുന്നു.