ദില്ലി: ഡോണള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനെ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകള്‍ക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ ദൃശ്യമാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പുറത്തു വന്നത്. വ്‌ളാദിമിര്‍ പുടിനും നരേന്ദ്ര മോദിയും ഉച്ചകോടിയുടെ വേദിയില്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ആലിംഗനം ചെയ്തു. പുടിനെ കാണുന്നത് ആഹ്‌ളാദകരമെന്ന് മോദി കുറിച്ചു. പിന്നീട് രണ്ടു നേതാക്കളും ഷി ജിന്‍പിങിന്റെ അടുത്തെത്തി ഹ്രസ്വ ചര്‍ച്ച നടത്തി.
ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ ഫോട്ടോ സെഷനുശേഷം ഒരിക്കല്‍ കൂടി നേതാക്കള്‍ കണ്ടു. യുക്രെയ്ന്‍ യുദ്ധം ഇന്ത്യ നടത്തുന്നുവെന്ന ആരോപണത്തിനിടെ നരേന്ദ്ര മോദിയുടെ പുടിനും ഉച്ചകോടിയുടെ വേദിയില്‍ നിന്ന് ഒരേ കാറിലാണ് മടങ്ങിയത്. ഈ ചിത്രവും മോദി ട്വീറ്റ് ചെയ്തു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ ട്രംപിന്റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് വ്യക്തമായ സൂചനയാണ് മോദി നല്കിയത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും എന്ന സന്ദേശമാണ് പുടിന് മോദി നല്കിയത്.
ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ച പ്രസ്താവനയും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ ബന്ധം മെച്ചപ്പെടുന്നുവെന്ന സൂചന നല്കി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നയം വേണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സ്‌പോണ്‍സര്‍മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ ജാഫര്‍ എക്‌സ്പ്രസ് ആക്രമണത്തെക്കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. ഭീകരവാദത്തെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല എന്ന നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശവും പ്രസ്താവനയില്‍ ഇടം പിടിച്ചു.